സുൽത്താൻ ബത്തേരി: നഗരസഭ ചെയർമാനെതിരെ യു.ഡി.എഫ് കരുനീക്കങ്ങളിൽ സി.പി.എം വിശദീകരണം ഉടൻ ഉണ്ടാകും. നഗരത്തിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിനെ കന്നുകാലി ഗ്രൂപ്പെന്നു വിളിച്ച ചെയർമാൻ രാജിവെക്കണമെന്നും സി.പി.എം നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് വനിത കൗൺസിലർമാരും നേതാക്കളും രംഗത്തിറങ്ങിയതോടെയാണ് പ്രശ്നത്തിലിടപെടാൻ സി.പി.എം ആലോചിക്കുന്നത്.
ചെയർമാനുമായി സംസാരിച്ചതിന് ശേഷം കാര്യങ്ങൾ വിശദീകരിക്കുമെന്ന് സി.പി.എം സുൽത്താൻ ബത്തേരി ഏരിയ സെക്രട്ടറി ബേബി വർഗീസ് പറഞ്ഞു. 30ന് നടന്ന രാജീവ് ഗാന്ധി ബൈപാസ് ഉദ്ഘാടന ചടങ്ങിന് ശേഷം ചെയർമാനെ നേരിട്ട് കണ്ടിട്ടില്ലെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു. വാട്സ്ആപ് ഗ്രൂപ്പിനെ കന്നുകാലി ഗ്രൂപ്പെന്ന് ആലങ്കാരികമായി പ്രയോഗിക്കാനേ സാധ്യതയുള്ളൂ.
എന്നാൽ, നേതാക്കൾ പ്രകോപനപരമായി സംസാരിക്കുന്നതിനോട് യോജിപ്പില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോഴത്തെ ചെയർമാൻ യു.ഡി.എഫിനൊപ്പമായിരുന്നു. ഇപ്പോൾ എതിർ ചേരിയിലായപ്പോൾ അദ്ദേഹം മോശക്കാരനായത് ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഇരട്ടത്താപ്പാണെന്നും ഏരിയ സെക്രട്ടറി അഭിപ്രായപ്പെട്ടു.
അതേസമയം, യു.ഡി.എഫ് പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടാനുള്ള തയാറെടുപ്പിലാണ്. 'ഒരു വെടിക്ക് പല പക്ഷികൾ' എന്ന ലക്ഷ്യമാണ് കോൺഗ്രസും ലീഗും കാണുന്നത്. സമരങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ് അവർ. തിങ്കളാഴ്ച രാവിലെ സുൽത്താൻ ബത്തേരിയിൽ ഇതുസംബന്ധിച്ച് യോഗം ചേരുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ യു.ഡി.എഫ് നീക്കത്തെ രാഷ്ട്രീയമായി നേരിടാനുള്ള തയാറെടുപ്പിലാണ് സി.പി.എം. നഗരസഭയിൽ രാഷ്ട്രീയ ആരോപണ- പ്രത്യോരോപണങ്ങൾ ഇനി കൂടുതൽ ശക്തമാകുമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.