banasura hill fire

ക​ത്തി​യ​മ​ർ​ന്ന ബാ​ണാ​സു​ര​മ​ല​യു​ടെ വി​ദൂ​ര ദൃ​ശ്യം

ബാണാസുര മലയിൽ വൻ അഗ്നിബാധ; ദുരൂഹത ബാക്കി

വെള്ളമുണ്ട: 24 മണിക്കൂറിലധികം നീണ്ട കാട്ടുതീയിൽ ബാണാസുര മല കത്തിയമർന്നു. വെള്ളമുണ്ട വനം വകുപ്പ് ഡിവിഷനിലെ പുളിഞ്ഞാൽ പ്രദേശത്തോടു ചേർന്ന മലയിലെ ഏക്കർകണക്കിന് വനമാണ് നശിച്ചത്. ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ കാട്ടുതീ ഞായറാഴ്ചയും പൂർണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കുന്ന് മുഴുവനായും സമീപത്തെ കുന്ന് ഭാഗികമായും കത്തിയമർന്നു.

ഒരു മാസത്തിനിടെ ഈ പ്രദേശത്തുണ്ടായ മൂന്നാമത്തെ കാട്ടുതീയാണിത്. കഴിഞ്ഞ ഞായറാഴ്ച പ്രദേശത്തെ സ്വകാര്യ ക്വാറിക്കരികിൽ ഏക്കർകണക്കിന് വനം കത്തിനശിച്ചിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ വാളാരംകുന്നിലുണ്ടായ കാട്ടുതീയിലും വ്യാപകമായി വനം കത്തിയമർന്നിരുന്നു.

കാട്ടുതീ പതിവായതോടെ പ്രദേശവാസികളും ആശങ്കയിലാണ്. ഓരോ വർഷവും പരിസ്ഥിതിക്ക് വൻ ആഘാതമേൽപിച്ച് കാട്ടുതീ ആയിരക്കണക്കിന് ഹെക്ടർ സ്ഥലങ്ങളിലെ പുൽമേടുകളും കാടുകളും നാമാവശേഷമാക്കുന്നതാണ് ആശങ്കയുയർത്തുന്നത്.

ബാണാസുരമലയിലെ കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാത്തതാണ് പ്രധാന ഭീഷണിയും വെല്ലുവിളിയുമാകുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ മൂന്നു ദിവസം കാട് നിന്നുകത്തിയത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. രണ്ടു വർഷം മുമ്പുണ്ടായ കാട്ടുതീയിൽ മലയുടെ മറുവശത്തെ പച്ചപ്പ് മുഴുവൻ കത്തിനശിച്ചു. അവശേഷിച്ച ഭാഗത്തെ പച്ചപ്പാണ് ഇത്തവണ തീ വിഴുങ്ങിയത്. വെള്ളമുണ്ട വനം സെക്ഷനോടു ചേർന്ന മലയുടെ മറുഭാഗം മുഴുവൻ കത്തിയമർന്ന നിലയിലാണ്.

ചെറുകാടുകൾക്കൊപ്പം നൂറുകണക്കിന് വൻ മരങ്ങളും കത്തിനശിച്ചു. ബാണാസുര സാഗറിനെ തൊട്ടുനിൽക്കുന്നതാണ് ബാണാസുരൻ കോട്ട എന്നറിയപ്പെടുന്ന മലനിരകൾ. ചോലവനങ്ങളാണ് ഈ മലയുടെ പ്രത്യേകത. കാട്ടുതീയിൽ ഈ സസ്യസമ്പുഷ്ടതയും ജൈവസാന്നിധ്യവുമാണ് ഇല്ലാതായത്.

പച്ചോറ്റി, വീഴാൽ തുടങ്ങിയ വൃക്ഷങ്ങളും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന കുറിഞ്ഞിയും നിത്യഹരിതമായ അടിക്കാടുകളും ഇവിടത്തെ പ്രത്യേകതയാണ്. കാടിനൊപ്പം ചെറുജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാൻ ഊർജിത ശ്രമം നടത്തിയിരുന്നെങ്കിലും മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ഉൾവനങ്ങളിലേക്ക് തീ ആളിപ്പടർന്നതിനാൽ നിസ്സഹായരായി നോക്കിനിൽക്കേണ്ട അവസ്ഥയായിരുന്നു.

വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ളപദ്ധതികളിലേക്കും ബാണാസുര സാഗർ അണക്കെട്ടിലേക്കും വെള്ളമൊഴുകുന്ന നീർച്ചാലുകളെ സംരക്ഷിച്ചിരുന്ന വനമാണ് അഗ്നിക്കിരയായത്. ഇത് കുടിവെള്ളപദ്ധതികളുടെ നിലനിൽപിനെയും ഡാമിലേക്കുള്ള നീരൊഴുക്കിനെയും സാരമായി ബാധിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമത്തിന് ഇടയാക്കുകയും ചെയ്യും. കാട്ടുതീയിൽ വനത്തിലെ പച്ചപ്പ് ആകെ ഇല്ലാതായത് വന്യജീവികളുടെ നിലനിൽപിനും ഭീഷണിയാണ്.

മലയുടെ മറുഭാഗം കോഴിക്കോട് ജില്ലയുടെ പൂഴിത്തോട് പ്രദേശമാണ്. ബാണാസുരയിലെ കാട്ടുതീ അവിടെയും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് പുലി, കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുതീ മനുഷ്യനിർമിതമാണോ എന്ന കാര്യത്തിൽ അന്വേഷണം നടന്നിരുന്നു.

കാടിന് ഭീഷണിയാകുംവിധം സ്വകാര്യ വ്യക്തികളുടെ കൈയേറ്റം വ്യാപകമാണെങ്കിലും നടപടി ഉണ്ടാവുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. ചില പ്രത്യേക താൽപര്യക്കാർ കാടിന് തീയിടുന്നതായ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും ഇതുവരെ നടന്നിട്ടുമില്ല. വനം സംരക്ഷിക്കുന്നതിനായി നിയമിച്ച വാച്ചർമാരിൽ ചിലരുടെ ഉത്തരവാദിത്തമില്ലായ്മയും വിവാദമായിട്ടുണ്ട്.

Tags:    
News Summary - Massive fire on Banasura hill; mystery behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.