വൈത്തിരി: നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടണമെന്നും ഇതിന് കാര്ഷികോൽപന്നങ്ങള്ക്കെല്ലാം അടിസ്ഥാന വില ലഭ്യമാക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി വകുപ്പിന്റെ 10 ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്പൈസസ് ആന്‍ഡ് അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ‘കേരളാഗ്രോ’ ബ്രാന്‍ഡ് സ്റ്റോറും കിസാന്‍ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാര്ഷികോൽപന്നങ്ങള്ക്ക് പലപ്പോഴും ലഭിക്കാറില്ലെന്നതാണ്. ഇടനിലക്കാരുടെ ഇടപെടലുകള്‍ മൂലം ലാഭകരമായി കൃഷി ചെയ്യാന്‍ പലപ്പോഴും കർഷകര്‍ക്ക് സാധിക്കാറില്ല.
കാര്‍ഷിക വിഭവങ്ങള്‍ ഏറെക്കാലം സൂക്ഷിച്ചുവെക്കാന്‍ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണാനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ പോകുന്നത്. ഇതിന് വാല്യൂ ആഡഡ് അഗ്രികള്‍ചറല്‍ മിഷന് എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നൽകിയിട്ടുണ്ട്.
കാര്ഷികോൽപന്നങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനാവശ്യമായ എല്ലാ സാമ്പത്തിക, സാങ്കേതിക സഹായങ്ങളും നല്കി കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടി കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കേരളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഏതൊരു കര്‍ഷകനും തന്റെ കാര്‍ഷിക ഉല്പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് പി.ജി.എസ് ജൈവ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.