വൈത്തിരി: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത. ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നത്ത് പീടിയേക്കൽ നവാസാണ് (43) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ വൈത്തിരി പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെ എട്ടരക്കാണ് നവാസ് ഓടിച്ച ഓട്ടോറിക്ഷയിൽ ആരോപണ വിധേയനായ സുബിൻ ഷാദ് ഓടിച്ച ഥാർ ജീപ്പ് ഇടിച്ചത്. അപകടത്തിൽ നവാസ് മരിച്ചതിൽ തിങ്കളാഴ്ച തന്നെ ദുരൂഹത ഉയർന്നിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചുണ്ടത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഥാർ ജീപ്പ് ഓടിച്ചിരുന്നയാളും പിതാവും ചുണ്ടേൽ ഭാഗത്ത് നടത്തിവന്നിരുന്ന ഹോട്ടലിന്റെ എതിർവശത്തായാണ് നവാസിന്റെ സ്റ്റേഷനറി കടയുള്ളത്. ഇതുമായി ബന്ധപ്പെട്ട് നവാസുമായി നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് വൈത്തിരി പൊലീസ് സ്റ്റേഷനിൽ കേസുമുണ്ടായിരുന്നു.
ദുരൂഹത ആരോപിച്ച് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ചൊവ്വാഴ്ച വൈകീട്ട് നാട്ടുകാർ ചേർന്ന് ആരോപണ വിധേയന്റെ പിതാവ് നടത്തുന്ന മജ്ലിസ് ഹോട്ടലിനു നേരെ പ്രതിഷേധിച്ചു. ഹോട്ടലിന്റെ ചില്ലുകൾ തകർന്നു.
സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഓട്ടോഡ്രൈവറായ നവാസ് നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഡിസ്ചാർജ് ചെയ്യുന്ന ഉടൻ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ആശുപത്രിയിൽ പൊലീസ് കാവലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.