വൈത്തിരി: ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. അജേഷിന്റെ പ്രവർത്തന കാലാവധി നവംബർ 19ന് കഴിഞ്ഞെങ്കിലും അദ്ദേഹം ഓഫിസിൽ തുടരുകയും ഫയലുകളിൽ ഒപ്പുവെക്കുകയും ചെയ്തത് വിവാദമായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. മുൻകാല പ്രാബല്യത്തോടെയാണ് മാറ്റം. പുതിയ നിയമനം കിട്ടുന്നതുവരെ തൽസ്ഥാനത്തു തുടരാമെന്ന അദ്ദേഹത്തിന്റെ വാദം കലക്ടറും തള്ളിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും ഓഫിസിൽ തുടരുന്നത് സംബന്ധിച്ച് വാർത്ത വന്നതോടെ അഞ്ചു ദിവസമായി അദ്ദേഹം ഓഫിസിൽനിന്ന് മാറിനിൽക്കുകയായിരുന്നു.
ജില്ലയിൽ തന്നെ പുനർനിയമനം ലഭിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും അധികൃതരും ചില സംഘടനകളും ടൂറിസം ഡയറക്ടർക്കും ടൂറിസം സെക്രട്ടറിക്കും ഇതിനെതിരെ നിവേദനവും റിപ്പോർട്ടും നൽകി. ഡി.ടി.പി.സിയുടെ കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം നാശത്തിന്റെ വക്കിലായത് ഡി.ടി.പി.സി സെക്രട്ടറിയുടെ കാര്യക്ഷമതക്കുറവ് കാരണമാണെന്ന ആരോപണവും ഉയർന്നു.
കോടികൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലാകുന്നില്ലെന്നാണ് ആരോപണം. കണ്ണൂരിൽനിന്നുള്ള ജെ.കെ. ജിജേഷാണ് വയനാട് ഡി.ടി.പി.സി സെക്രട്ടറിയായി പകരം നിയമിതനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.