വൈത്തിരി: കോവിഡ് രോഗികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണം കർശനമാക്കി. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള വയോധികർക്കും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു.
മാസ്ക് ധരിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. എന്നാൽ, കാർലാട് തടാകത്തിൽ എട്ടു വയസ്സിനു താഴെയുള്ളവർക്കാണ് പ്രവേശന വിലക്ക്. ഞായറാഴ്ച രാവിലെ പൂക്കോട് തടാകത്തിൽ കലക്ടർ നേരിട്ടെത്തി പരിശോധന നടത്തി. ഈ സമയം തടാകവും പരിസരവും നിറയെ സന്ദർശകരായിരുന്നു. ചെറിയ കുട്ടികളടക്കം നിരവധി പേരുണ്ടായിരുന്നു. ജീവനക്കാർക്ക് കർശന നിർദേശം നൽകിയാണ് കലക്ടർ പോയത്. ഇതോടെ കുട്ടികളുമായി എത്തിയവർ പലരും പുറത്തുപോയി. മറ്റു ടൂറിസം കേന്ദ്രങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ബാണാസുര ഡാമിൽ പൊലീസാണ് പരിശോധന നടത്തിയത്.
അടുത്തിടെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിനോദകേന്ദ്രങ്ങളെല്ലാം തുറന്നതോടെ വാരാന്ത്യങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്കെത്തുന്നത്. ടൂറിസം കേന്ദ്രങ്ങളിൽ ഒരേ സമയം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല. കൂടാതെ, സഞ്ചാരികൾ തേയിലത്തോട്ടങ്ങളിലേക്കും മറ്റും കറങ്ങി നടക്കുന്നുണ്ട്. വാഹനബാഹുല്യം കാരണം ചുരത്തിലടക്കം ദേശീയപാതയിൽ നിരവധി തവണ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്നു ജില്ലയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഇതര ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ജില്ലയിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുകയാണ്. അതേസമയം, പരിശോധന കർശനമാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞതായി ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.