കൽപറ്റ: കേരളത്തിനൊപ്പം വയനാടിനും ഇന്ന് പിറന്നാൾ. സംസ്ഥാനത്തെ 12ാമത്തെ ജില്ലയായി 1980ൽ രൂപംകൊണ്ട വയനാടിന് യുവത്വത്തിലും ബാലാരിഷ്ടതകൾ ഏറെയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയാണ് ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കി. മീറ്ററാണ്. ഇതിൽ 38 ശതമാനവും വനമാണെന്ന് കണക്കാക്കുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ തന്ത്രപ്രധാനമാണ് ഭൂപ്രദേശം. കൃഷിക്കും വാണിജ്യത്തിനുമെല്ലാം ഈ സംസ്ഥാനങ്ങളെയും ജില്ലയിലുള്ളവർ ആശ്രയിക്കുന്നു.
വയനാട്ടിലെ മൂന്നു താലൂക്കുകളായ സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി പ്രദേശങ്ങളിൽ ഇതിനകം വിവിധ വികസന പദ്ധതികൾ വന്നിട്ടുണ്ട്. ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കൃഷിക്കാരും അധ്വാനത്തിെൻറ വിയർപ്പിൽ നിന്ന് പച്ചപ്പു പടർത്തിയ നാട്. വികസനത്തിന്റെ കാര്യത്തിൽ കുറേയൊക്കെ മുന്നോട്ടുപോയെങ്കിലും, ജില്ലയിൽ പരാതികളും പരിദേവനങ്ങളുമാണ് ബാക്കി.
ചിരകാല സ്വപ്നമായിരുന്ന സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനങ്ങൾ മാനന്തവാടിയിലെ ജില്ല ആശുപത്രിയിൽ ആരംഭിെച്ചങ്കിലും മെഡിക്കൽ കോളജിെൻറ സൗകര്യങ്ങൾ ജനങ്ങൾക്ക് പൂർണതോതിൽ ലഭ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. എം.ബി.ബി.എസ് ബാച്ച് തുടങ്ങാൻ നിശ്ചയിച്ചിരുന്ന നഴ്സിങ് കോളജ് കെട്ടിടം സുരക്ഷിതമല്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് അധികൃതർ നൽകിയിട്ടുണ്ട്.
പഠനം തുടങ്ങുന്നതിന് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ രംഗത്തും വയനാട്ടിൽ മുന്നേറ്റമുണ്ടായിട്ടില്ല. കോവിഡ്കാലത്ത് ഗോത്രവർഗ വിഭാഗം വിദ്യാർഥികളുടേതടക്കം സ്കൂൾ പഠനവും പ്രതിസന്ധിയിലാണ്. ഓൺലൈൻ പഠനോപകരണങ്ങളില്ലാത്തതും ഇൻറർനെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങളും ഗോത്രവിദ്യാർഥികളുടെ പഠനത്തിൽ കരിനിഴൽ വീഴ്ത്തുന്നു. പണിയരും നായ്ക്കരും മറ്റും അടങ്ങുന്ന ഗോത്രസമൂഹത്തിന്റെ കണ്ണീർചാലുകൾ വയനാടിന്റെ മുക്കിലും മൂലയിലും കാണാം. ഭൂമിക്കും വീടിനും വേണ്ടിയുള്ള അവരുടെ മുറവിളി അവസാനിക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആദിവാസികൾ ഇപ്പോഴും ഭൂമിക്കായുള്ള സമരത്തിലാണ്.
വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം തുടരുേമ്പാൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി. ശല്യം സഹിക്കവയ്യാതെ കൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ നാടാണ് വയനാട് ഇന്ന്. കുരങ്ങും പന്നിയും ആനയും മറ്റും കൃഷികൾ മുച്ചൂടും നശിപ്പിക്കുേമ്പാൾ കർഷകർക്ക് മറ്റുമാർഗങ്ങളില്ല. കടുവകൾ മനുഷ്യരെ കൊന്നുതിന്നുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ അധികകാലം തുടരാനാവില്ലെന്ന് കർഷകർ വ്യക്തമാക്കിവരുകയാണ്.
സ്വതന്ത്ര കർഷക സംഘടനകളാണ് ഇപ്പോൾ സജീവമായി രംഗത്തുള്ളത്. തദ്ദേശസ്ഥാപനങ്ങളും ജില്ല ഭരണകൂടവും വന്യമൃഗശല്യം പോലുള്ള പ്രാദേശിക വിഷയങ്ങളിൽ നിന്ന്, പ്രശ്നപരിഹാരം തേടാതെ ഒഴിഞ്ഞുമാറുകയാണ്. 38 ശതമാനം വനമുള്ള ജില്ലയിൽ വന്യജീവിശല്യം പരിഹരിക്കാൻ യാഥാർഥ്യബോധത്തോടെയുള്ള പ്രായോഗിക നടപടികളാണ് ആവശ്യം. ബഫർസോൺ ആശങ്കക്ക് അറുതിവരുത്താൻ ജനപക്ഷത്തുനിന്നുള്ള സർക്കാർ ഇടപെടലുകളാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
മലബാർ ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ഏക ജില്ലയാണിത്. റെയിൽപാതക്കുള്ള പ്രക്ഷോഭങ്ങളും കാത്തിരിപ്പും തുടരുകയാണ്. വയനാട്ടിലേക്ക് ബദൽപാത എന്ന ആവശ്യത്തിൽ ചില പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. അത് എപ്പോൾ പ്രയോഗത്തിൽ വരുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. കോഴിക്കോടുനിന്ന് കൽപറ്റ, സുൽത്താൻ ബത്തേരി വഴി കർണാടകയിലേക്കുള്ള ദേശീയപാതയിലെ രാത്രി യാത്ര വിലക്ക് തുടരുകയാണ്.
ദേശീയപാത സംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഓർമകൾ മാത്രമാണിപ്പോൾ ബാക്കി. പരിഹാരം ഇപ്പോഴും അകലെയാണ്. വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളൊന്നും ഇൗ 40 വർഷത്തിനിടയിൽ ചുരം കയറി വന്നിട്ടില്ല. വിനോദസഞ്ചാര രംഗത്തും വയനാടിന്റെ നേട്ടം പരിമിതമാണ്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സഞ്ചാരികൾ വന്നുതുടങ്ങിയതോടെ വനവും പച്ചപ്പും തെളിനീരും മലനിരകളും മാലിന്യക്കൂമ്പാരങ്ങളായി മാറുന്നു. ശാസ്ത്രീയ മാലിന്യ സംസ്കരണം വയനാട് നേരിടുന്ന വെല്ലുവിളിയാണ്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്കരണ രംഗത്ത് ഇന്നും പിന്നിലാണ്. കോവിഡ് പ്രതിരോധ രംഗത്ത് ഒരുപക്ഷേ, മറ്റു ജില്ലകളേക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് വയനാട്ടിലുണ്ടായത്. പരിമിതമായ ആരോഗ്യസംവിധാനങ്ങളുള്ള ജില്ലയിൽ കോവിഡ് നിയന്ത്രണവിധേയമാക്കാനായത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.