കൽപറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സുൽത്താൻ ബത്തേരിയുടെ നട്ടെല്ലൊടിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. വലിയ ജനകീയ പ്രക്ഷോഭമുണ്ടായിട്ടും നിരോധനം നീക്കുന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയപാത പൂർണമായും അടക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ഇപ്പോൾ നടക്കുന്നുമുണ്ട്.
ചാമരാജ് നഗർ ജില്ല കലക്ടർ 10 വർഷം മുമ്പാണ് മൂലഹൊളെ മുതൽ മദൂർ വരെ ബന്ദിപ്പൂർ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കിലോമീറ്റർ ഭാഗത്ത് രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയത്. രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെയാണ് നിരോധനം. രാത്രി പുറത്തിറങ്ങുന്ന വന്യജീവികളുടെ സുരക്ഷക്കായാണ് നിരോധനം ഏർപ്പെടുത്തിയത്.
കോഴിക്കോട് നിന്നാണ് ദേശീയപാത 766 തുടങ്ങുന്നത്. കുന്ദമംഗലം-കൊടുവള്ളി-താമരശ്ശേരി- വൈത്തിരി-കൽപറ്റ-മീനങ്ങാടി-സുൽത്താൻ ബത്തേരി-മുത്തങ്ങ-ഗുണ്ടൽപേട്ട-നഞ്ചൻകോട്-മൈസൂരു-കൊല്ലഗൽ എന്നിങ്ങനെയാണ് പാത കടന്നുപോകുന്നത്. ഇതിൽ കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനം പ്രധാന ഇടമാണ്. സുൽത്താൻ ബത്തേരി മേഖലയിലെ കച്ചവടക്കാരെ നിരോധനം കാര്യമായി ബാധിച്ചപ്പോൾ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കും ഇത് തടസ്സമായി. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളെ ആശ്രയിച്ച് കച്ചവടം നടത്തുന്ന നൂറുകണക്കിന് വ്യാപാരികൾക്ക് രാത്രി ചരക്കുനീക്കം തടസ്സപ്പെട്ടതോടെ കച്ചവടം പ്രയാസത്തിലായി. പച്ചക്കറി ഉൾപ്പെടെ സകല സാധനങ്ങളും കർണാടകയിൽനിന്ന് മലബാർ മേഖലയിലെത്താൻ മുത്തങ്ങവഴി ഏറെ എളുപ്പമാണ്.
വയനാട്ടിലെ കൃഷിക്കാരുടെ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നതും മലബാറിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതും ഇതുവഴിയാണ്. നൂറുകണക്കിന് വിനോദസഞ്ചാരികൾ കടന്നുപോയിരുന്ന പാതയിൽ രാത്രിയാത്ര നിരോധനം വന്നതോടെ വലിയ തിരിച്ചടിയാണുണ്ടായത്.
വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി സ്ഥാപിച്ച സ്ഥാപനങ്ങൾക്ക് ഇതോടെ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല. മലബാറിൽനിന്നുള്ള ആയിരക്കണക്കിന് ബംഗളൂരു മലയാളികളും ഈവഴി സഞ്ചരിക്കുന്നു. വഴി അടയുന്നത് ഒരു പ്രദേശത്തിെൻറ വികസനത്തിനുതന്നെ വിലങ്ങുതടിയാവുകയാണ്.
2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാത്രിയാത്ര നിരോധനത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ ശക്തമായ സമരം അരങ്ങേറി. രാഷ്ട്രീയത്തിനതീതമായ യുവജന നിരാഹാരസമരത്തിൽ ജനങ്ങൾ ഒന്നടങ്കം അണിനിരന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ എത്താൻ തുടങ്ങിയതോടെ വയനാട് കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സമരത്തിന് സുൽത്താൻ ബത്തേരി സാക്ഷിയായി. എന്നാൽ, കർണാടക സർക്കാർ കടുംപിടിത്തം തുടർന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. കേസ് സുപ്രീംകോടതിവരെ എത്തിനിൽക്കുകയാണ്. സമരങ്ങളിൽ കണ്ടതുപോലെ ഇവിടത്തെ ജനപ്രതിനിധികൾ ഒത്തൊരുമയോടെ നിന്നാൽ എന്തെങ്കിലും മാറ്റമുണ്ടായേക്കുമെന്ന പ്രതീക്ഷ രാത്രിയാത്ര നിരോധനത്തിെൻറ ദുരിതം പേറുന്നവർ ഇപ്പോഴും വെച്ചുപുലർത്തുന്നുണ്ട്.
ബഫർസോണുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനം പുറത്തുവന്നത് സുൽത്താൻ ബത്തേരി മേഖലയെയും ആശങ്കയിലാക്കുന്നു. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലായി ആറ് വില്ലേജുകളാണ് വയനാട് വന്യജീവിസങ്കേതത്തിെൻറ പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുന്നത്. നേരത്തേ വൈത്തിരി താലൂക്കിലെ നാല് വില്ലേജുകൾ മലബാർ വന്യജീവിസങ്കേതത്തിെൻറ ബഫർ സോണിൽ ഇടംപിടിക്കുകയുണ്ടായി. വിജ്ഞാപനം നടപ്പിലായാൽ, വയനാട്ടിൽ ആകെയുള്ള 49 വില്ലേജുകളിൽ 10 ഇടത്തും പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിരോധനങ്ങളും നിയന്ത്രണങ്ങളുമുണ്ടാകും.
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് വിജ്ഞാപനത്തെ ഏറെ ഭയക്കുന്നത്. കാടിെൻറ ഓരത്തുനിന്നും കൃഷിയും വീടും ഉപേക്ഷിച്ച് പോകേണ്ടിവരുമോ എന്ന് ഭയപ്പെടുന്നവർ ജില്ലയിൽ നൂറുകണക്കിന് വരും. കുടിയേറ്റ കാർഷിക മേഖലകളിലുള്ളവരെയായിരിക്കും വിജ്ഞാപനം നടപ്പായാൽ ഏറെ ബാധിക്കുക.
പരിസ്ഥിതിലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിെൻറ നിലപാട്. അതു കണക്കിലെടുത്ത് തോൽപെട്ടി, കാട്ടിക്കുളം, പനവല്ലി, കുറുക്കൻമൂല, ചാലിഗദ്ദ, കാപ്പിസ്റ്റോർ, ചീയമ്പം, മൂടക്കൊല്ലി, ചീരാൽ പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാറിെൻറ ആവശ്യം.
ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ താമസിക്കുന്നവരെന്നും അതിനാൽ കരടുവിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം-പരിസ്ഥിതി മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കഴഞ്ഞ വർഷം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഏതാനും മാസം മുമ്പ് കരട് വിജ്ഞാപനം ചർച്ചയായപ്പോൾ ഇടതുവലത് മുന്നണികൾ പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നു.
കേന്ദ്രസർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് സംസ്ഥാന സർക്കാറിെൻറ ശിപാർശയിലാണെന്നായിരുന്നു പ്രധാന ആരോപണം. യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ ശിപാർശ അതേപടി ഇടതുസർക്കാർ കേന്ദ്രത്തിന് കൊടുത്തുവെന്നും ആരോപണമുണ്ടായി.
രാത്രിയാത്ര നിരോധനത്തിലെ രാഷ്ട്രീയ സംഘടനകൾക്കിടയിലുണ്ടായിരുന്ന ഒത്തൊരുമ ബഫർ സോണിെൻറ കാര്യത്തിൽ നിലവിലില്ല. എല്ലാവരും ഐക്യപ്പെട്ടാൽ മാത്രമേ ജില്ലയുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാവൂ. വയനാട് സംരക്ഷണസമിതിയും മറ്റും ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.