പുൽപള്ളി: അനീമിയ ബാധിച്ച കാട്ടുനായ്ക്ക വിഭാഗത്തിലെ യുവതി ഗുരുതരാവസ്ഥയിൽ. സഹായിയുടെ ചെലവ് വഹിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് തയാറാവാത്തതിനാൽ ഇവർക്ക് ആശുപത്രിയിൽ ചികിത്സ തേടാനാവാതെ വീട്ടിലേക്ക് തിരിച്ചുവരേണ്ടിവന്നു. പുൽപള്ളി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ ചെറുവള്ളി കാട്ടുനായ്ക്ക കോളനിയിലെ വൈരി(42)ക്കാണ് ഈ ദുരവസ്ഥ. പാക്കം മൈലാടി കോളനിയിലെ വൈരി നാല് മാസങ്ങൾക്ക് മുമ്പാണ് ചെറുവള്ളി നായ്ക്ക കോളനിയിൽ വിവാഹിതയായി എത്തിയത്. മുമ്പുതന്നെ രോഗബാധിതയായിരുന്ന ഇവർ ഇവിടെയെത്തി അധികം കഴിയുന്നതിനുമുമ്പ് തന്നെ കിടപ്പിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂഴിമല ആരോഗ്യ ഉപകേന്ദ്രത്തിലെ നഴ്സ് കെ.എസ്. മഞ്ജുമോൾ, പ്രദേശത്തെ ആശവർക്കർ ശ്യാമള എന്നിവർ ചേർന്ന് വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു.

തുടർന്ന് കോളനിയിൽ എത്തിയ ട്രൈബൽ മൊബൈൽ യൂനിറ്റിലെ ഡോ. രമ്യ ഇവരെ പരിശോധിക്കുകയും ഗുരുതരാവസ്ഥയിൽ ആണെന്ന് കണ്ടു പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പുൽപള്ളി ഗവ. ആശുപത്രിയിലെ പരിശോധനയിൽ ഹീമോഗ്ലോബിൻ (എച്ച്. ബി) അളവ് 2.2 ആണെന്ന് കണ്ടെത്തി. എച്ച്.ബി 10 ആരോഗ്യമുള്ള ഒരാൾക്ക് ആവശ്യമാണ്. ഇത് ഏഴിൽ കുറഞ്ഞാൽ മരണത്തിലേക്ക് കടക്കാവുന്ന അപകടകരമായ അവസ്ഥയാകും. ഗുരുതരാവസ്ഥ മനസ്സിലാക്കിയ സി.എച്ച്.സിയിലെ ഡോക്ടർ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ റഫർ ചെയ്തു. വിവരം കാപ്പിസെറ്റ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറെ രേഖാമൂലവും ഫോൺ മുഖേനയും അറിയിച്ചു.

സുൽത്താൻ ബത്തേരിയിൽ രോഗിയെ പരിശോധിച്ച ഡോക്ടർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് റഫർ ചെയ്തു. എന്നാൽ, പട്ടികവർഗ വകുപ്പ് അധികൃതർ ഇവരോടൊപ്പം പോകുന്ന സഹായിയായ ആളുടെ ചെലവ് വഹിക്കുവാൻ തയാറായില്ല. സഹായിക്ക് ഭക്ഷണത്തിനുള്ള വകപോലും കണ്ടെത്താനാവാതെ ആയതോടെ ഇവർ അഡ്മിറ്റ് ആകാതെ തിരികെ ചെറുവള്ളിയിലെ കോളനിയിലേക്ക് തിരിച്ചുപോന്നു. ട്രൈബൽ പ്രമോട്ടർ പറയുന്നത് രോഗിയോടൊപ്പം പോകേണ്ട എന്ന ഉത്തരവാണ് മേലധികാരികളിൽനിന്ന് ലഭിച്ചിരിക്കുന്നത് എന്നാണ്. ട്രൈബൽ വകുപ്പി‍െൻറ അനാസ്ഥമൂലം വൈരിയുടെ ജീവൻ നഷ്ടമാവുമോ എന്ന ഭയത്തിലാണ് കുടുംബവും നാട്ടുകാരും.

Tags:    
News Summary - Wayanad tribal women problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.