കല്പറ്റ: ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന വയനാട് പാക്കേജിൽനിന്ന് 1000 കോടി രൂപ തുരങ്കപാതക്കായി വകയിരുത്തുന്നതിൽ ഗൂഢനീക്കമുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കെ. റെയില്‍, വിഴിഞ്ഞം തുടങ്ങിയ പദ്ധതികള്‍ക്കാവശ്യമായ പ്രകൃതിവിഭവ ശേഖരമാണ് തുരങ്കപാത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും, കാർഷിക വിലത്തകർച്ചയും നേരിടുന്ന ജില്ലയുടെ വികസനത്തിനായുള്ള പാക്കേജിൽനിന്ന് 1000 കോടി രൂപ തുരങ്കത്തിനായി മാറ്റിയത് ഗൂഢോദ്ദേശ്യത്തോടെയാണ്. വയനാടിന് നേട്ടങ്ങളില്ലാത്ത പാതക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തുരങ്കപാത കരടു നിര്‍ദേശം ഒക്ടോബർ 15ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ജില്ല ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ഉൾപ്പെടുത്തിയെങ്കിലും പരിസ്ഥിതി സംഘടനകളെ തഴയുകയായിരുന്നു. ജനങ്ങളോട് വോട്ട് തേടുന്ന രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് ജില്ലയോട് ഒരു പ്രതിബദ്ധതയുമില്ലെന്നും അവര്‍ ആരോപിച്ചു. കോഴിക്കോട്, കണ്ണൂര്‍ വ്യവസായ ലോബികളും രാഷ്ട്രീയ കൂട്ടുകെട്ടും തയാറാക്കിയ സ്വപ്നപദ്ധതിയാണിത്. ആസ്പിരേഷന്‍ ഡിസ്ട്രിക്ട് എന്ന പരിഗണന ജില്ലക്ക് ഉണ്ടെന്ന മറവില്‍ ഈ പദ്ധതിക്കാവശ്യമായ അനുമതികള്‍ എളുപ്പത്തില്‍ നേടാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. അതിന് ഉപരിതല ഗതാഗതം മാത്രമാണ് ഏക മാര്‍ഗം. ഏറ്റവും തിരക്കേറിയ താമരശ്ശേരി ചുരത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, ഹെയര്‍പിന്‍ ഭാഗങ്ങളില്‍ റോഡിനായി വനംവകുപ്പ് ഭൂമി വിട്ടുനല്‍കിയതാണ്. ഒന്നാം ഹെയര്‍പിന്‍ പ്രദേശത്തെ സ്വകാര്യവ്യക്തികളും ഭൂമി വിട്ടുനല്‍കാന്‍ തയാറാണ്. ഇതെല്ലാം മറച്ചുവെച്ച് ഗതാഗത തടസ്സമെന്ന കാരണമുന്നയിച്ച് തുരങ്കപാതക്കനുകൂലമായ പിന്തുണ നേടുകയാണ് ഭരണകൂടം. വയനാടുമായി ബന്ധപ്പെടുന്ന അഞ്ച് ചുരംപാതകളും ജില്ലയിലെ ഗ്രാമീണ റോഡുകളും ശാസ്ത്രീയമായി നവീകരിച്ചാല്‍ യാത്രാപ്രശ്നങ്ങളും തീരും.
വയനാട് തുരങ്കപാതയെന്ന തലക്കെട്ടും ജില്ലയുടെ സ്വപ്നപദ്ധതിയെന്ന വ്യാഖ്യാനവും ദുരൂഹമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ വ്യക്തമായ ധാരണകളോ ജില്ലയിലെ ഒരു വകുപ്പിെൻറ കൈവശവുമില്ല. 1.80 കി.മീറ്റർ റോഡ് നിർമിക്കണമെന്ന അറിയിപ്പ് മാത്രമാണ് പി.ഡബ്ല്യു.ഡി ജില്ല മേധാവിയുടെ ഓഫിസിലുള്ളത്. പദ്ധതി നടപടികൾ കോഴിക്കോട് പി.ഡബ്ല്യു.ഡിയെ ഏൽപിക്കുന്നത് വസ്തുതകൾ വയനാട്ടിലെ ജനം അറിയരുതെന്ന ഗൂഢോദ്ദേശ്യത്തോടെയാണെന്നും അവർ പറഞ്ഞു. തുരങ്കപാത സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക ഭവിഷ്യത്തുകള്‍ ജനശ്രദ്ധയിലെത്തിക്കാനും പദ്ധതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍, എ.എന്‍. സലീംകുമാര്‍, കെ.വി. പ്രകാശ്, പി.സി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.