വൈത്തിരി: ദിവസങ്ങളായി വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ, അറമല ഭാഗങ്ങളിൽ വിഹരിക്കുന്ന കാട്ടാനക്കൂട്ടം നാട്ടുകാർക്ക് ഭീതിയാകുന്നു. വൈത്തിരി പഞ്ചായത്തിലെ വിവിധ മേഖലകളിൽ ജനങ്ങൾക്ക് ദിവസങ്ങളായി ഉറക്കമില്ലാരാവുകളാണ്. നിരവധി കൃഷിയിടങ്ങളിൽ കയറിയ ആനക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. ചിലയിടങ്ങളിൽ ഒമ്പതു ആനകളെത്തുമ്പോൾ മറ്റിടങ്ങളിൽ ഏഴെണ്ണമാണ് കൂട്ടത്തോടെ എത്തിയത്. തളിപ്പുഴയിൽ എത്തി കൃഷി നശിപ്പിച്ചത് ഒറ്റയാനാണ്.
ചൊവ്വാഴ്ച വൈകീട്ട് വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു പിറകിലെ കുന്നിലാണ് ഒമ്പത് ആനകൾ പ്രത്യക്ഷപ്പെട്ടത്. ഇവ പിന്നീട് തളിമല പോഞ്ചോല ഭാഗത്തേക്ക് നീങ്ങി പലരുടെയും കൃഷി നശിപ്പിച്ചു. ബുധനാഴ്ച രാത്രി പഴയ വൈത്തിരിയിലെത്തിയ കാട്ടാനക്കൂട്ടം ജനങ്ങളിൽ ഭീതി വിതച്ചാണ് മടങ്ങിയത്. ചാരിറ്റി, കുരിശു പള്ളി മുള്ളൻപാറ, വട്ടപ്പാറ എന്നിവിടങ്ങളിലെ കൃഷിയും വ്യാപകമായി നശിപ്പിച്ചു. പിറ്റേന്ന് ലക്കിടി, അറമല എന്നിവിടങ്ങളിലുമെത്തി. അറമലയിൽ അരുവിയുടെ അരികിലാണ് ആനകൾ തമ്പടിക്കുന്നത്. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ താളിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റയാന്റെ വിളയാട്ടമായിരുന്നു.
കാപ്പിയും വാഴയും മറ്റും ഇവിടെയും നശിപ്പിച്ചു. കൂട്ടമായെത്തി ചിഹ്നം വിളിച്ചു കാട്ടാനകൾ കൃഷി നശിപ്പിക്കുമ്പോൾ നിസഹായരായി നിൽക്കുവാൻ മാത്രമെ നാട്ടുകാർക്ക് കഴിയുന്നുള്ളൂ. വനം വകുപ്പ് ജീവനക്കാരുടെ കാര്യക്ഷമമായ രക്ഷാപ്രവർത്തനങ്ങളോ പട്രോളിങ്ങോ ഇല്ലാത്തതാണ് ആനശല്യം പെരുകുന്നതിനു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങൾ നേരിട്ടുകണ്ട് തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൂടിയായ സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. തളിമല ഭാഗത്ത് രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് സോളാർ ഫെൻസിങ് ഘടിപ്പിക്കുന്ന പ്രവൃത്തി നടത്തിയതായി വനം വകുപ്പുദ്യോഗസ്ഥൻ അറിയിച്ചു. ഫണ്ട് ലഭ്യമായാൽ മാത്രമേ കൂടുതൽ സ്ഥലത്തേക്ക് ഇത് വ്യാപിപ്പിക്കാൻ സാധിക്കുകയുള്ളു.
ഇതിനിടെ, വൈത്തിരി വട്ടവയലിൽ വന്യമൃഗം കൊന്നു തിന്ന മാനിന്റെ അവശിഷ്ടം കണ്ടെത്തിയതും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വന്യ ജീവികളുടെ വിഹാരം വൈത്തിരി മേഖലയിലെ ടൂറിസത്തിനും ഭീഷണിയാവുകയാണ്. രാത്രി കാലങ്ങളിൽ റിസോർട്ടുകൾക്ക് പുറത്തിറങ്ങാൻ സഞ്ചാരികളെ അനുവദിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വിനോദസഞ്ചാരിയായ യുവതിയെ അന ചവിട്ടിക്കൊന്ന സംഭവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.