കൽപറ്റ: സംരംഭക ജില്ലക്ക് ഉണര്‍വേകി ജില്ലയിലെ വനിത സംരംഭകര്‍. 2022-23 സംരംഭക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ച 3950 സംരംഭങ്ങളില്‍ 1229 എണ്ണം വനിതകളുടേതാണ്. 39.56 കോടി രൂപ മുതല്‍ മുടക്കിലാണ് സംരംഭങ്ങള്‍ ആരംഭിച്ചത്. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറുശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് വയനാട് ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. 236.58 കോടി രൂപയുടെ നിക്ഷേപവും 8234 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ജില്ല വ്യവസായ കേന്ദ്രത്തിന് സാധിച്ചു. മൂന്നുവര്‍ഷം കൊണ്ട് 10 കോടി ടേണ്‍ ഓവറുള്ള വ്യവസായ സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിന് വ്യവസായ വകുപ്പ് ആരംഭിച്ച മിഷന് 1000ത്തില്‍ ജില്ലയില്‍നിന്ന് എട്ടു വ്യവസായ സംരംഭങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ മൂന്നുപേര്‍ വനിത സംരംഭകരാണ്.
ചെന്നലോട്: കഷ്ടപ്പാടിന്റെ ജീവിതസാഹചര്യങ്ങളിൽനിന്ന് കഠിനാധ്വാനംകൊണ്ട് 3000 കോടിയിലധികം ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായ മലയാളി യുവസംരംഭകൻ ചെന്നലോട് സ്വദേശി പി.സി. മുസ്തഫയുടെ വളർച്ചയിൽ പിതാവിനൊപ്പം നിർണായക പങ്കുവഹിച്ച സ്ത്രീശക്തി, മാതാവായ ടി.കെ. ഫാത്തിമയെ വനിത ദിനത്തിൽ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെന്നലോട് വാർഡ് മെംബർ ഷമീം പാറക്കണ്ടി പൊന്നാടയണിയിച്ചു.
വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ രാധാ മണിയൻ മുഖ്യാതിഥിയായി. ചടങ്ങിൽ മുസ്തഫയുടെ പിതാവ് പി.സി. അഹമ്മദ് ഹാജി, വാർഡ് വികസന സമിതി അംഗം എ.കെ. മുബഷിർ, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങളായ വിൻസി ബിജു, പുഷ്പ ബാലകൃഷ്ണൻ, സൈന മുസ്തഫ, വി.സി. ഷേർളി, റഷീന മുസ്തഫ എന്നിവർ സംബന്ധിച്ചു.
കൽപറ്റ: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാട്ടക്കൊല്ലിയിലെ സ്നേഹസദനിൽ അന്തേവാസികളോടൊപ്പം വനിതദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീൽചെയർ സമ്മാനിച്ചു. വനിത ദിനാഘോഷം കെ.പി.സി.സി സെക്രട്ടറിയും മുനിസിപ്പൽ ചെയർമാനുമായ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൽഫിൻ അമ്പാറയിൽ സ്വാഗതം പറഞ്ഞു.
കൽപറ്റ: രാജ്യത്ത് ആദ്യമായി ഒമ്പതു വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സെർവിക്കൽ കാൻസറിനെതിരെ എച്ച്.പി.വി വാക്സിൻ നൽകി നൂൽപുഴ ഗ്രാമപഞ്ചായത്ത്. ഹാപ്പി നൂൽപുഴ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ നിർവഹിച്ചു. 53 കുട്ടികളാണ് ആദ്യ ഘട്ടത്തിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചത്. 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് സൗജന്യമായി വാക്സിനേഷൻ നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ എസ്. നായർ, ഡി.പി.എം സമീഹ സൈതലവി, സീനിയർ നഴ്സിങ് ഓഫിസർ ടി.കെ. ശാന്തമ്മ എന്നിവരെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരെയും ആദരിച്ചു. ട്രാൻസ് വുമൺ പ്രകൃതിക്കും എച്ച്.പി.വി വാക്സിൻ സ്വീകരിച്ച കുട്ടികൾക്കും സ്നേഹോപഹാരം നൽകി.
അംഗൻവാടി വർക്കർ പുരസ്കാരം ഏറ്റുവാങ്ങി
വൈത്തിരി: സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ 2023-24 വർഷത്തെ മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് വൈത്തിരി പഞ്ചായത്തിലെ ശ്രീപുരം അംഗൻവാടിയിലെ വർക്കർ കെ. പ്രഭാവതിക്ക് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഭാവതിക്ക് പുരസ്കാരം സമ്മാനിച്ചു. തളിപ്പുഴ സ്വദേശിനിയാണ് പ്രഭാവതി.
വൈത്തിരി: വനിത ദിനത്തിൽ സുഗന്ധഗിരി പ്ലാന്റേഷൻ കോളനിയിലെ ആദിവാസി വയോധികയെ വയനാട് ടൂറിസം അസോസിയേഷൻ ആദരിച്ചു. ചിപ്പി മല്ലനെയാണ് ഡബ്ല്യു.ടി.എ ജില്ല ജോയന്റ് സെക്രട്ടറി സുമ പള്ളിപ്രം പൊന്നാടയണിയിച്ച് ആദരിച്ചത്. ജില്ല ചെയർമാൻ കെ.പി. സെയ്തലവി, വൈത്തിരി താലൂക്ക് സെക്രട്ടറി എ.ഒ. വർഗീസ്, വിചിത്ര ടീച്ചർ, മറിയം പീറ്റർ എന്നിവർ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് മധുരം നൽകി
മാനന്തവാടി: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത സംഘടനയായ സൂപ്പർ ഷിയുടെ ഭാഗമായി മാനന്തവാടി മെഡിക്കൽ കോളജിലെ വനിത ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിലെത്തിയ പൊതുജനങ്ങൾക്കും മധുരം നൽകി വനിതദിന സന്ദേശം പങ്കിട്ടു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ഷംസീർ അരണപ്പാറ, ബബില വിജേഷ്, ആശിഖ് മൻസൂർ, അജ്മൽ പാണ്ടിക്കടവ്, ബേസിൽ വർഗീസ്, ബിനീഷ് കാട്ടിക്കുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.