കാഞ്ഞിരമറ്റം (എറണാകുളം): കവര്‍ച്ചാസംഘം നാട്ടിലെത്തിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ ഭീതിയില്‍ കഴിയുകയാണ് കാഞ്ഞിരമറ്റം, അരയന്‍കാവ് പ്രദേശങ്ങളിലെ നാട്ടുകാര്‍. സെപ്റ്റംബര്‍ 21ന് നീര്‍പ്പാറയിലെ ഒരു വീട്ടില്‍ രാത്രി ഒന്നിന് രണ്ടുപേര്‍ വടിവാളുമായി നില്‍ക്കുന്നത് കണ്ടെന്ന വീട്ടുടമസ്ഥന്‍റെ വാദത്തോടെയാണ് തമിഴ്‌നാട്ടിലെ കുറുവാ ഗ്രാമത്തില്‍നിന്നും വിദഗ്ധ പരിശീലനം ലഭിച്ച കള്ളന്മാര്‍ നാട്ടിലും ഇറങ്ങിയെന്ന രീതിയില്‍ വാട്ട്‌സ്ആപ്പുകളിലും മറ്റ് സോഷ്യല്‍മീഡിയകളിലും പ്രചരിക്കാന്‍ തുടങ്ങിയത്.
വീടിനു പുറത്തെത്തുന്ന സംഘം വ്യാജശബ്ദങ്ങളുയര്‍ത്തി വീട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുകയും വാതില്‍ തുറക്കുന്നതോടെ മാരകായുധങ്ങളുമായി വീട്ടുകാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്യുകയുമാണ് രീതി. സ്വന്തമായി ആട് ഇല്ലാത്ത തന്‍റെ വീടിനു പുറത്ത് ആട്ടിന്‍ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിന്‍റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ വീട്ടുടമസ്ഥന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് വടിവാളുമായി രണ്ടുപേര്‍ നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
ഉടനെ പൊലീസിനെ വിവരമറിയിച്ചു. ഇവർ എത്തും മുേമ്പ കള്ളന്മാര്‍ രക്ഷപ്പെട്ടതായും വീട്ടുടമസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു. അരയന്‍കാവിലെ ചില വ്യാപാര സ്ഥാപനങ്ങളിലും ഇത്തരക്കാര്‍ എത്തിയതിന്‍റെ സൂചന സി.സി.ടി.വിയില്‍നിന്ന് കണ്ടെത്തിയതായി വ്യാപാരികള്‍ പറയുന്നു.
അരയന്‍കാവിലെ വിവിധ റെസിഡന്‍സ് അസോസിയേന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തന്നെ രാത്രികാല പട്രോളിങ് നടത്തി വരികയാണ്. എന്നാല്‍, പൊലീസ് വേണ്ട രീതിയില്‍ രാത്രികാല പട്രോളിങ് നടത്താത്തതാണ് കള്ളന്മാരുടെ ശല്യം രൂക്ഷമാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം കാഞ്ഞിരമറ്റം പള്ളിയാംതടം ഭാഗങ്ങളിലും സംശയാസ്പദമായ സാഹചര്യത്തില്‍ ചില ഭിക്ഷാടകരെ കണ്ടതായും രാത്രി വീടിന് പുറത്ത് അപശബ്ദങ്ങള്‍ കേട്ടതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ പരാതിയെതുടര്‍ന്ന് രാത്രികാല പട്രോളിങ് ശക്തമാക്കിയതായി മുളന്തുരുത്തി പൊലീസ് അറിയിച്ചു. ഭിക്ഷാടനത്തിന്‍റെ പേരില്‍ വീടുകള്‍ കയറിയിറങ്ങുന്ന വ്യാജന്മാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും എത്രയും വേഗം നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.