തൃശൂർ: മെഡിക്കല്‍ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്‍റെയും നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടിയെന്നും ഫേസ്ബുക്കിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ചെന്നും കാണിച്ച് ഹൈകോടതി അഭിഭാഷൻ അഡ്വ. കൃഷ്ണരാജിനെതിരെ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകി. ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ വൈറലായ, തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീെൻറയും നൃത്തത്തിനെതിരെ വർഗീയ പ്രചാരണവുമായാണ് ഇയാൾ രംഗത്തെത്തിയത്. വിദ്യാര്‍ഥികളുടെ ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നെന്നാണ് ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനെതിരെ സമൂഹ മാധ്യമത്തിൽ വലിയ വിമര്‍ശനമാണ് ഉയർന്നത്.
''ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളജിലെ രണ്ട് വിദ്യാർഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം. ഓംകുമാറും നവീൻ കെ. റസാക്കും ആണ് വിദ്യാർഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം'' -എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വിവാദമായതോടെ കൃഷ്ണരാജിെൻറ പോസ്റ്റിൽ പ്രതിഷേധ സ്വരങ്ങൾ കമൻറായി നിറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകരടക്കം എതിർപ്പുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.