'പേരറിവാളൻ ജയിലിന് പുറത്തിറങ്ങുമ്പോൾ നാം ഓർക്കേണ്ടത് ഇവരെയാണ്'

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പേരറിവാളൻ ജയിൽമോചിതനാകുന്നത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവർക്കും ആശ്വാസം ഉള്ള കാര്യമാണെന്നും ബേബി ചൂണ്ടിക്കാട്ടി.

മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്. ഡൽഹി സർവകലാശാല അധ്യാപകനായ ജി.എൻ. സായിബാബ, ജെ.എൻ.യു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ, മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെൽതുംബ്ഡെ, റോണ വിൽസൺ, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സർക്കാർ ജയിലിലടച്ചിരിക്കുന്നത്.

ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ ഭയപ്പെടുത്തി അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ തടവറയിൽ ഇത്തരത്തിൽ ഇട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദലിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല. ഇവർ തടവറയിൽ കിടക്കുന്നത്, എന്നുവേണമെങ്കിലും മറ്റു ജനാധിപത്യ വാദികളുടെ നേരെയും ഈ ഭീഷണി ഉയരാം എന്നു കാണിക്കാനാണ് -എം.എ. ബേബി പറഞ്ഞു.

എം.എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ ജയിൽമോചിതനാകുന്നത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവർക്കും ആശ്വാസം ഉള്ള കാര്യമാണ്. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ടു ബാറ്ററി വാങ്ങി നല്കി എന്നായിരുന്നു പേരറിവാളനെതിരായ ആരോപണം. ഈ ബാറ്ററി എന്തെങ്കിലും അക്രമത്തിന് ഉപയോഗിക്കാനാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പിന്നീട് മൊഴി നൽകി. എന്തായാലും മുപ്പത്തിയൊന്നു വർഷങ്ങളാണ് പേരറിവാളൻ ജയിലിൽ കഴിഞ്ഞത്. ഈ മോചനത്തിനായി ഇടവേളകളില്ലാതെ യത്നിച്ച പേരറിവാളൻറെ അമ്മ അർപ്പുതം അമ്മാളാണ് ഈ മോചനത്തിന് പിന്നിലെ ശക്തി!

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവിൽ തമിഴ്നാട് സർക്കാർ പേരറിവാളന് ജയിൽമോചനം നല്കാൻ തീരുമാനിച്ചു. എന്നിട്ടും തമിഴ്നാട് ഗവർണറും നരേന്ദ്ര മോദി സർക്കാരും പേരറിവാളൻറെ മോചനം തടയാൻ ആവുന്നത് ശ്രമിച്ചു. രാജീവ് ഗാന്ധിയോട് എന്തെങ്കിലും സ്നേഹമുള്ളതുകൊണ്ടല്ല, ആർഎസ്എസുകാരുടെ നേതൃത്വത്തിലുള്ള സർക്കാർ പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ നോക്കിയത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കാത്തവരായതിനാലാണ് ആർഎസ്എസുകാർ പേരറിവാളൻ ജയിലിൽ തന്നെ കിടക്കട്ടെ എന്നു ശഠിച്ചത്. ഒടുവിൽ സുപ്രീം കോടതിയുടെ കർശനമായ ഇടപെടലോടെ പേരറിവാളൻ ഇന്ന് പുറത്തിറങ്ങി. പേരറിവാളൻറെ മോചനത്തിൽ ദുഃഖവും നിരാശയും ഉണ്ടെന്നു പ്രതികരിച്ച കോൺഗ്രസ് മനുഷ്യാവകാശലംഘനങ്ങളുടെ അവരുടെ നീണ്ട ചരിത്രത്തെ ഓർമിപ്പിച്ചു. കോൺഗ്രസ് എന്നും കോൺഗ്രസ് തന്നെ!

പക്ഷേ, മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്. ദില്ലി സർവകലാശാല അധ്യാപകനായ ജി എൻ സായിബാബ, ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ, മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെൽതുംബ്ഡെ, റോണ വിൽസൺ, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സർക്കാർ ജയിലിലടച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ ഭയപ്പെടുത്തി അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ തടവറയിൽ ഇത്തരത്തിൽ ഇട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല. ഇവർ തടവറയിൽ കിടക്കുന്നത് എന്നുവേണമെങ്കിലും മറ്റു ജനാധിപത്യ വാദികളുടെ നേരെയും ഈ ഭീഷണി ഉയരാം എന്നു കാണിക്കാനാണ്.

Tags:    
News Summary - MA Baby facebook post on Perarivalans release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.