കിളിമാനൂർ: മടവൂരിൽ വയോധിക ദമ്പതികളെ ചുറ്റികകൊണ്ട് തലക്കടിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന പ്രതിയും മരിച്ചു. പനപ്പാംകുന്ന് ഗവ. എൽ.പി സ്കൂളിന് സമീപം അജിത്ത് ഭവനിൽ റിട്ട. ജവാൻ ശശിധരനാണ് (75) മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.
മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ പ്രഭാകരക്കുറുപ്പ് (68), ഭാര്യ വിമലകുമാരി (62) എന്നിവരെയാണ് ശശിധരൻ ശനിയാഴ്ച കൊലപ്പെടുത്തിയത്. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും ഭാര്യ വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. കൊലപാതകത്തിനിടയിൽ ശശിധരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അതിനാൽ ഇയാൾക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനായില്ല. പള്ളിക്കൽ പൊലീസിലെത്തിയാണ് മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പട്ടാളത്തിൽനിന്ന് പിരിഞ്ഞശേഷം പ്രഭാകരക്കുറുപ്പിനൊപ്പം വിദേശത്തായിരുന്നു ശശിധരൻ. ശശിധരന്‍റെ മകൻ അജിത്ത് പ്രസാദിനെ 1996ൽ വിദേശത്ത് കൊണ്ടുപോയത് പ്രഭാകരക്കുറുപ്പാണ്. ഒരാഴ്ചക്കിടെ ഇവിടെവെച്ച് അജിത്ത് പ്രസാദ് തൂങ്ങിമരിച്ചു. ഈ സംഭവത്തിലും വർഷങ്ങൾക്കുശേഷം മകൾ തുഷാരബിന്ദു കിണറ്റിൽ ചാടി മരിച്ചതിലും പ്രഭാകരക്കുറുപ്പിന് പങ്കുണ്ടെന്ന് ശശിധരൻ വിശ്വസിച്ചിരുന്നു. പ്രഭാകരക്കുറുപ്പിനെ പ്രതിചേർത്ത് കോടതിയിൽ ശശിധരൻ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. എന്നാൽ, പ്രഭാകരക്കുറുപ്പിനെ നിരപരാധിയെന്ന് കണ്ട് വെറുതെവിട്ട് കഴിഞ്ഞയാഴ്ച കോടതിവിധി വന്നതായി പറയുന്നു. ഇക്കാര്യത്തിൽ പൊലീസിന് വ്യക്തമായ തെളിവില്ല. ശശിധരനിൽനിന്ന് മൊഴിയെടുത്ത് കൊലപാതക കാരണം കണ്ടെത്താൻ പൊലീസ് കാത്തിരിക്കെയാണ് മരണം.
സുമതിയാണ് ശശിധരന്‍റെ ഭാര്യ. സ്കൂൾ അധ്യാപികയായ ഹിമബിന്ദുവാണ് മറ്റൊരു മകൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പൊലീസ് നടപടികൾക്കുശേഷം ചൊവ്വാഴ്ച വീട്ടിലെത്തിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.