കോഴിക്കോട്: രാജ്യത്തിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക അസമത്വം കുറക്കാനും ലക്ഷ്യമിട്ടുള്ള നികുതി സംവിധാനം കാര്യക്ഷമമാക്കാനും സങ്കീർണതകൾ ഒഴിവാക്കാനും 'മാധ്യമ'വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. 'കടമ നിറവേറ്റാം, ഉത്തരവാദിത്തത്തോടെ' എന്ന തലക്കെട്ടിലാണ് കാമ്പയിൻ.
നികുതിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ വിവിധ പരിപാടികളാണ് കാമ്പയിൻ കാലയളവിൽ സംഘടിപ്പിക്കുക. ബോധവത്കരണ ഫീച്ചറുകൾ, വിദ്യാഭ്യാസ പരിപാടികൾ, സംശയനിവാരണം എന്നിവക്കൊപ്പം കള്ളക്കടത്തും നികുതി വെട്ടിപ്പും അഴിമതിയും തടയാനും സമ്പദ്വ്യവസ്ഥയുടെ വികസനം ലക്ഷ്യമാക്കിയും പരിപാടികളുണ്ടാകും. ഇന്റർനെറ്റും വിവരസാങ്കേതികവിദ്യയുടെ വികാസവും നികുതി ഘടനയുടെ സങ്കീർണത ലഘൂകരിച്ചെങ്കിലും അതിനെ മറികടന്ന് നികുതി സംവിധാനം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുകയും സാധാരണക്കാരുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുകയും ചെയ്യും. വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ സഹകരിച്ചാൽ മാത്രമേ നികുതി സംവിധാനം കാര്യക്ഷമമാക്കാൻ കഴിയൂവെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. പ്രത്യക്ഷ, പരോക്ഷ നികുതികളുടെ ഭാരം കുറച്ച് കൂടുതൽ കാര്യക്ഷമമായി നടപ്പാക്കിയാൽ നികുതിവെട്ടിപ്പ് കുറയുമെന്നും ഇതുവഴി സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കളിൽ സമ്പാദ്യശീലം വളർത്താനാവശ്യമായ ബോധവത്കരണ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അതിലൂടെ വ്യക്തിയും കുടുംബവും വളരുന്നതിനൊപ്പം രാജ്യവും പുരോഗതി നേടുമെന്നും 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു. നികുതി നിരക്ക് ലഘൂകരിച്ചും സങ്കീർണതകൾ ഒഴിവാക്കിയും ജനകീയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാമ്പയിൻ ലോഗോ പ്രകാശനം എം.പി. അഹമ്മദും പി.എം. സാലിഹും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.