കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൽ സാമൂഹികക്ഷേമ പദ്ധതിക്ക് കീഴിൽ കെട്ടിക്കിടക്കുന്നത് 6.85 കോടി രൂപയുടെ ചികിത്സ, വിവാഹ ധനസഹായ അപേക്ഷകൾ. അതിനൊപ്പം ഒരുവർഷത്തെ മദ്റസ അധ്യാപകരുടെ പെൻഷനും കുടിശ്ശിക. ഇവ കൊടുത്തുതീർക്കാൻ എട്ടുകോടി രൂപയെങ്കിലും ലഭിക്കേണ്ടിടത്ത് കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചത് രണ്ടുകോടി മാത്രം. ഇതിൽനിന്ന് എങ്ങനെ അപേക്ഷകളും പെൻഷനും തീർപ്പാക്കുമെന്നറിയാതെ വട്ടംകറങ്ങുകയാണ് വഖഫ് ബോർഡ് ജീവനക്കാർ.
2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ വഖഫ് ബോർഡ് പെൻഷൻ നൽകിയിട്ടില്ല. ലൈഫ് സർട്ടിഫിക്കറ്റ് നൽകിയ 650 പേർക്കായി 65 ലക്ഷം രൂപ പെൻഷൻ കുടിശ്ശിക നൽകാൻതന്നെ വേണം. 1.19 കോടി രൂപയാണ് സർക്കാർ വഖഫ് ബോർഡിന് നൽകുന്ന വാർഷികവിഹിതം. വഖഫ് ബോർഡിനോട് വിവേചനം കാണിക്കുന്നെന്ന മുറവിളിയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് രണ്ടുകോടി പാസ്സാക്കിയതായി സർക്കാർ ഉത്തരവിറക്കിയത്. പെൻഷൻ കുടിശ്ശിക തീർത്താൽപിന്നെ 80.24 ലക്ഷത്തിെൻറ സാമൂഹിക ക്ഷേമ അപേക്ഷകൾ മാത്രമേ തീർക്കാനാകൂ.
2020 ഡിസംബർ വരെ ബോർഡിെൻറ സാങ്ഷൻ കമ്മിറ്റി പാസാക്കിയതും അല്ലാത്തതുമായ 1820 ചികിത്സ ധനസഹായ അപേക്ഷകളാണ് ബോർഡിൽ കെട്ടിക്കിടക്കുന്നത്. ഇത് കൊടുത്തുതീർക്കാൻ 2.69 കോടി രൂപ വേണം. സാങ്ഷൻ കമ്മിറ്റി പാസാക്കിയ 2010 വിവാഹ ധനസഹായ അപേക്ഷകളുണ്ട്. ഇതുകൂടാതെ 2020 ഡിസംബർ വരെയുള്ള പാസ്സാക്കിയിട്ടില്ലാത്ത 2150 വിവാഹ അപേക്ഷകളും കെട്ടിക്കിടക്കുന്നു.
10,000 രൂപ വീതമാണ് വിവാഹ ധനസഹായം നൽകുന്നത്. രണ്ടിനങ്ങളിലുമായി അപേക്ഷകൾ തീർക്കാർ 6,85,75,000 രൂപ അടിയന്തരമായി വേണമെന്ന് ആലുവ ഈസ്റ്റ് വെളിയത്തുനാട് തുല്ലാത്ത് വീട്ടിൽ പി.എ. കൊച്ചുമൈതീൻ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നു.
2016ൽ ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ മദ്റസ അധ്യാപകരുടെ പെൻഷൻ 600 രൂപയിൽനിന്ന് ആയിരമാക്കി വർധിപ്പിച്ചിരുന്നു. എന്നാൽ, അതിനനുസരിച്ച് ഫണ്ട് കൂടുതൽ അലോട്ട് ചെയ്തില്ല. ഇപ്പോൾ വാർഷിക വിഹിതത്തിൽനിന്ന് 1.20 കോടി രൂപ പെൻഷനുവേണ്ടിത്തന്നെ ചെലവഴിക്കേണ്ട സാഹചര്യമാണ് വഖഫ് ബോർഡിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.