അടിമാലി: കാട്ടാനയുടെ കൊമ്പുകളുമായി ആദിവാസി വയോധികനെ വനപാലകർ പിടികൂടി. രണ്ടു പേർ രക്ഷപെട്ടു. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ താമസിക്കുന്ന പുരുഷോത്തമ (64) നെയാണ് ദേവികുളം എ.സി.എഫ് ജോബ് ജെ. നേര്യാംപറമ്പിലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടി.
മുഖ്യപ്രതികളായ ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച് വനത്തിലേക്ക് രക്ഷപെട്ടത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കി. രക്ഷപെട്ടവരാണ് പുരുഷോത്തമന് ആനക്കൊമ്പുകൾ നൽകിയതെന്നാണ് പുരുഷോത്തമന്റെ മൊഴി.
ആവറുകുട്ടി വനത്തിൽ നിന്നും വേട്ടയാടിയ കാട്ടാനയുടേതാണ് കൊമ്പുകളെന്നാണ് വനപാലകരുടെ നിഗമനം. ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണോ പിടിച്ചെടുത്തതെന്ന് രക്ഷപ്പെട്ടവരെ പിടികൂടിയാലേ വ്യക്തമാകൂ.
ശനിയാഴ്ച പുലർച്ചെ പുരുഷോത്തമന്റെ വീട്ടിൽ നിന്നുമാണ് ആന കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പുകൾക്ക് ഉദ്ദേശം ഒമ്പത് കിലോഗ്രാം തൂക്കം വരും. കൊമ്പുകൾ വിൽപന നടത്തുവാൻ ശ്രമം നടത്തുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്. റെയ്ഡിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജയിംസ്, ദേവികുളം റേഞ്ച് ഓഫീസർ പി.വി. ബെജി, വിജിലൻസ് റേഞ്ച് ഓഫീസർ ടി. രതീഷ് എന്നിവർ നേതൃത്വം നൽകി.
നാട്ടുകാരുടെ കടന്നുകയറ്റം ആദിവാസികളുടെ സൗര്യ ജീവിതം തകർക്കുന്നുഅടിമാലി: അടുത്തകാലത്തായി ഇളംബ്ലാശ്ശേരി, കുറത്തിക്കുടി ട്രൈബൽസെറ്റിൽമെന്റ് വഴി മാങ്കുളത്തേക്ക് പൊതുജനങ്ങൾക്ക് കാനനപാതയിലൂടെ വാഹനത്തിൽ സഞ്ചരിക്കുവാൻ അനുമതി ലഭിക്കുകയും ഇത് വൻതോതിൽ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തതിനെ തുടർന്ന് ദിനംപ്രതി ധാരാളം ടൂറിസ്റ്റുകൾ ഈ മേഖലയിലേക്ക് വന്നുതുടങ്ങി. പൊതുജനങ്ങളുടെ സാനിധ്യം ഈ മേഖലയിൽ കൂടുതലായി വന്നതു മുതൽ വന കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനും കാരണമായി.
ആനക്കൊമ്പിന് ആവശ്യം ഉന്നയിച്ച് കുടിക്കാരായ ആളുകളെ പുറമെ നിന്നും വരുന്ന ടൂറിസ്റ്റുകളാണെന്ന തരത്തിൽ സമീപിക്കുകയും ഇത് വനത്തെ ആശ്രയിച്ച് കഴിയുന്ന ഈ സമൂഹത്തിലേക്ക് വന കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് പ്രേരണയാവുകയും ചെയ്യുന്നു. പൊതുജനങ്ങൾ കുറത്തിക്കുടി ട്രൈബൽ മേഖലയിൽ എത്തുന്നതുവഴി ഇത്തരത്തിലുള്ള വന്യമ്യഗങ്ങളെ വേട്ടയാടൽ, വനനശീകരണം പ്രവർത്തനങ്ങൾ എന്നിവ കൂടുതലായി നടക്കുന്നതായി വനം വകുപ്പ് പറയുന്നു.
രണ്ട് ദിവസം മുൻപ് നേര്യമംഗലം റേഞ്ചിൽ അതിക്രമിച്ചു കയറിയതിനും വന്യമൃഗങ്ങൾക്ക് ശല്യമാകുവിധം വനത്തിനുള്ളിൽ ഇറങ്ങിയതിനും 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ സംരക്ഷിത പ്രദേശത്തേക്ക് വാഹനങ്ങളുമായി വരികയും ഇത് കുടിക്കാരായ ആളുകളുടെ സൗര്യവിഹാരത്തിന് ഭീഷണിയാവുകയും വനത്തിനുള്ളിലേക്ക് വലിയ തോതിൽ കടന്നുകയറ്റും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.