മഞ്ചേരി: ഗവ. െമഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴു വയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. മൂക്കിലെ ദശ മാറ്റാൻ ചികിത്സക്കെത്തിയ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയായ മുഹമ്മദ് ദാനിഷിനാണ് ഹെർണിയക്ക് ശസ്ത്രക ്രിയ നടത്തിയത്. മൂത്രസഞ്ചിയിൽ വെള്ളം നിറയുന്ന രോഗത്തിന് ചികിത്സക്കെത്തിയ മണ്ണാർക്കാട് ചിറക്കൽപ്പടി സ്വദേശ ിയായ ആറര വയസ്സുകാരൻ ധനുഷിനും ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് നിർദേശിച്ചിരുന്നു. ധനുഷിന് വയറിന് താഴെയായിരുന്നു ശസ്ത്രക്രിയ. കുട്ടികളുടെ പേരുകൾ തമ്മിലുള്ള സാമ്യമാണ് കൈപ്പിഴക്ക് കാരണമെന്നാണ് സൂചന.
ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ചയാണ് ദാനിഷിനെ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ശസ്ത്രക്രിയക്കായി കുട്ടിയെ ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചു. 10.30ഓടെ ഓപറേഷൻ പൂർത്തിയായി കുട്ടിയെ രക്ഷിതാവ് കാണാൻ കയറിയതോടെയാണ് മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടന്നതായി ബോധ്യപ്പെട്ടത്. ഉടൻ ഡോക്ടറെ വിവരമറിയിച്ചു.
സംഭവം പുറത്തായതോടെ ഓപറേഷൻ തിയറ്ററിനടുത്തുള്ളവരോട് മുഴുവൻ ആശുപത്രി അധികൃതർ മാറാൻ ആവശ്യപ്പെട്ടു. കുട്ടിക്ക് ഹെർണിയ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഹെർണിയക്കും ശസ്ത്രക്രിയ നടത്തിയെന്ന വിചിത്ര മറുപടിയാണ് സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതർ നൽകിയത്. അതേസമയം, കുട്ടിയെ വീണ്ടും ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച് മൂക്കിലെ ദശക്കും ശസ്ത്രക്രിയ നടത്തിയതായും രക്ഷിതാക്കൾ പറഞ്ഞു. ആശുപത്രി അധികൃതർക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
ഡോക്ടറോട് വിശദീകരണം തേടും -സൂപ്രണ്ട്
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഓപറേഷൻ നടത്തിയ ഡോക്ടറോട് വിശദീകരണം തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ പറഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.