ന്യൂഡൽഹി: കൊച്ചിയിലെ മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ അനധികൃതമായി നിർമിച്ചതിനും, അതിന് അനുമതി നൽകിയതിനും ഉത്തരവാദികളായവരെക്കുറിച്ച് അന്വേഷിക്കുന്നതിന് കൊൽക്കത്ത ഹൈകോടതി മുൻചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനെ സുപ്രീംകോടതി നിയോഗിച്ചു.
കെട്ടിട നിർമാതാക്കൾ, പ്രമോട്ടർമാർ, ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തമാണ് അന്വേഷിക്കുക. പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകൾക്ക് കേരള സർക്കാർ നൽകിയ 61.50 കോടി രൂപ ഉത്തരവാദികളിൽനിന്ന് തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ വ്യക്തമാക്കി.
അനധികൃത നിർമാണത്തിനുപിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച അന്വേഷണത്തിൽ ജസ്റ്റിസ് രാധാകൃഷ്ണന് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ സൗകര്യവും സഹകരണവും ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു. വിളിപ്പിക്കുന്ന മുറക്ക് ഫ്ലാറ്റ് നിർമാതാക്കൾ അദ്ദേഹത്തിനു മുമ്പാകെ ഹാജരാകണം. അന്വേഷണം നടത്തുന്നതിനുവേണ്ടി വരുന്ന ചെലവുകൾ അദ്ദേഹത്തിന് നിശ്ചയിക്കാം.
ജൂലൈ രണ്ടാം വാരത്തോടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ബാധ്യത നിശ്ചയിക്കുന്നതിനു മുമ്പ്, അനധികൃത നിർമാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തേണ്ടതുണ്ടെന്ന് 2019 സെപ്റ്റംബർ 27ലെ ഉത്തരവിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിൽഡർമാർ ബോധിപ്പിച്ചു. തീരനിയമം ലംഘിച്ച് അനധികൃതമായി മരടിൽ നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ സുപ്രീംകോടതി നിർദേശപ്രകാരം 2020 ജനുവരിയിലാണ് പൊളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.