കോടികളുടെ കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

പാലക്കാട്; മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ കച്ചവടക്കാരനെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും ടൗൺ സൗത്ത് പോലീസും ചേർന്ന് പിടികൂടി. ആന്ധ്ര പ്രദേശ് നെല്ലൂർ ബട്ടുവരിപ്പാലം വില്ലേജിൽ ബോറെസ്സി വെങ്കടേശ്ശരലു റെഡ്ഡി (35) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഡ്രൈവറും സഹായിയുമായ സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നയാളും പിടിയിലായി.

പുലർച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നത്. കോവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിൽ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രത്യേക വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനക്കിടെ നിർത്താതെ പോയ മിനിലോറിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസ്ന്റെ നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ ആര്‍. രഞ്ജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീൽ, വി. ജയകുമാർ, ടി.ആര്‍ സുനിൽ കുമാർ, ബി.നസീറലി, റഹീം മുത്തു, ആര്‍. കിഷോർ , സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആര്‍. വിനീഷ്, ആര്‍. രാജീദ്, ദിലീപ്, എസ്. ഷമീർ , പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ടി.ആര്‍ ശശി, എം. സുനിൽ കുമാർ,  എസ്. സതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

കഴിഞ്ഞയാഴ്ച്ച വാളയാറിൽ ഓട്ടോ ട്ടോറിക്ഷയിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.