ന്യൂഡൽഹി: എറണാകുളം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട വ്യാജരേഖ വിഷയത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തിലെ സർവകലാശാലകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കേണ്ടതുണ്ട്. കോളജുകളിലും സർവകലാശാലകളിലും യൂനിയൻ പ്രവർത്തനത്തിന്റെ അതിപ്രസരമാണ്. പുറത്തുനിന്നുള്ള ഇടപെടലുകളും വല്ലാതെ ഉണ്ടാകുന്നു. സംസ്ഥാന സർക്കാറിന് സർവകലാശാലകളെ നിയന്ത്രിക്കണമെന്നാണ് ആഗ്രഹമെങ്കിൽ പ്രത്യേക വകുപ്പ് ഉണ്ടാക്കിക്കൂടേ? - ഗവർണർ ചോദിച്ചു.
വിദ്യയുടെ എം.ഫില്ലിലും തട്ടിപ്പ്: ആരോപണവുമായി കെ.എസ്.യു
കോഴിക്കോട്: വ്യാജരേഖയുണ്ടാക്കി ഗെസ്റ്റ് ലെക്ചറർ നിയമനം നേടിയ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ എം.ഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. യൂനിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരേസമയം വിദ്യാർഥിയായും അധ്യാപികയായും പ്രവർത്തിച്ചു. യൂനിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളജിൽനിന്ന് ശമ്പളവും ഒരേസമയം കൈപ്പറ്റിയെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കെ. വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർവരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എം.ഫിൽ ചെയ്തിട്ടുണ്ട്. ഇത് ഫുൾടൈം കോഴ്സാണ്. അതേ കാലയളവിൽതന്നെ 2019 ജൂൺ മുതൽ നവംബർവരെ കാലടി ശ്രീശങ്കര കോളജിൽ മലയാളം ഡിപ്പാർട്മെന്റ് ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്യുകയും ചെയ്തു. ഇത് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഈ വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണം.
കണ്ണൂർ സർവകലാശാല മൂല്യനിർണയ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നതുസംബന്ധിച്ചും കൃത്യമായി അന്വേഷിക്കണം. മൂന്നുവർഷം അധ്യാപന പരിചയം വേണമെന്ന ചട്ടം ലംഘിച്ചാണ് അവർ ക്യാമ്പിലെത്തിയത്. പട്ടികയിൽ ഇടംപിടിക്കാൻ അവിടെയും വ്യാജ രേഖയോ ഉന്നത സ്വാധീനമോ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യവും സമഗ്രമായി അന്വേഷിക്കണം. വിദ്യയുടെ പിഎച്ച്.ഡിയിൽ പി. രാജീവ് അടക്കം ഉന്നത സി.പി.എം നേതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. നേതാക്കളുടെ ഫോൺ കാൾ പരിശോധിച്ചാൽ വ്യാജരേഖ കെട്ടിച്ചമച്ചതുമായി ബന്ധപ്പെട്ട അവരുടെ പങ്ക് പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.