പാലം നിർമാണ സമയത്ത്​

ലോറികളും ആനകളും പാലത്തിലൂടെ ​കടക്കു​േമ്പാൾ എൻജിനീയറും കുടുംബവും പാലത്തിന്​ താഴെ; മാർത്താണ്ഡവർമ പഴയ പാലത്തിന് 81 വയസ്

ആലുവ: മാർത്താണ്ഡവർമ പഴയ പാലത്തിന് 81 വയസ്. തിങ്കളാഴ്ചയാണ് പ്രധാന പാലത്തിന്‍റെ 81 ആം വാർഷികം. മാർത്താണ്ഡവർമ ഇളയ രാജാവാണ് 1940 ജൂൺ 14ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ പാലം കേരളത്തിലെ പ്രധാന ഗതാഗത സംവിധാനമായി മാറുകയായിരുന്നു.

1937ലാണ് പെരിയാറിന് കുറുകെ പാലം പണിയാൻ ആരംഭിച്ചത്. എട്ട് ലക്ഷം രൂപക്കായിരുന്നു കരാർ. ജെ.ബി ഗാമൺ കമ്പനിയാണ് പാലം പണി കരാറെടുത്തിരുന്നത്. അന്നത്തെ പ്രധാന സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചായിരുന്നു നിർമാണം. പാലത്തിന്‍റെ ഡക്കിന് താഴെ ആറിടങ്ങളിൽ ഭീമാകാരമായ സ്പ്രിങുകൾ കോൺക്രീറ്റ് കട്ടികളിൽ സ്ഥാപിച്ച് ഷോക്ക് അപ്സോർബിങ് സിസ്റ്റം നിർമിച്ചു. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ഈ സ്പ്രിങുകൾ. ഈ ഷോക്ക് അപ്സോർബിങ് സിസ്റ്റം ഇന്നും പ്രവർത്തിക്കുന്നുണ്ട്.

ജി.ബി.എസ് ട്രസ്കോർട്ട്, എം.എൽ. ദുരൈസ്വാമി അയ്യങ്കാർ എന്നിവരായിരുന്നു ചീഫ് എൻജിനീയർമാർ. നിർമാണം പ​ുരോഗമിക്കുന്നതിനിടെ പാലത്തിന്‍റെ തെക്കേ കൈതലയുടെ പണി നടക്കുമ്പോൾ മണ്ണിടിഞ്ഞ് വലിയ അപകടമുണ്ടായി. 1938 നവംബർ 21ന് തിങ്കളാഴ്ച രാത്രി ഏകദേശം 9.30 ഓടെയായിരുന്നു അപകടം. കൈതല കെട്ടുന്നതിന് വേണ്ടി പത്തടി വീതിയിലും 20 അടി നീളത്തിലും ആഴമുള്ള കിടങ്ങ് കുഴിച്ച് മണ്ണ് നീക്കുമ്പോഴായിരുന്നു ദുരന്തം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനും കല്ലിനും അടിയിൽ 11 പേരാണ് അകപ്പെട്ടത്. ഇതിൽ 10 പേർ മരിച്ചു. ആലുവ സ്വദേശി താണിപ്പിള്ളിൽ തൊമ്മി മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.


മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളികളെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. തൊമ്മിയെ രക്ഷപ്പെടുത്തിയത് ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ്. അപകടത്തിൽ തൊമ്മിയുടെ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് രണ്ടര മാസം ആശുപത്രി ചികിത്സയിലായിരുന്നു തൊമ്മി. ഈ പ്രതിസന്ധികൾക്കിടയിലും മൂന്ന് വർഷം കൊണ്ട് പാലം പണി പൂർത്തിയാക്കാൻ കഴിഞ്ഞു.

സാങ്കേതിക സൗകര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും എൻജിനീയർമരുടെയും കരാറുകാരുടെയും തൊഴിലാളികളുടെയും കഴിവുകൊണ്ട് ചുരുങ്ങിയ സമയത്ത് പണി പൂർത്തിയാവുകയായിരുന്നു. പാലത്തിന്‍റെ എർത്ത് വർക്ക് സബ് കോൺട്രക്ട് എടുത്തിരുന്നത് മുൻ നഗരസഭ ചെയർമാൻ പട്ടമന ജോർജും ഇട്ടൻ തോമസുമായിരുന്നു. അഞ്ച് അണയായിരുന്നു (60 പൈസ) പാലം നിർമാണത്തിലെ ഒരു പുരുഷ തൊഴിലാളിക്ക് ലഭിച്ച ദിവസക്കൂലി. സ്ത്രീ തൊഴിലാളിക്ക് നാല് ചക്രവും (30 പൈസയോളം) ലഭിച്ചിരുന്നു.

പാലത്തിന്‍റെ ഉദ്ഘാടനം ആഘോഷപൂർവമാണ് നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 19 ലോറികളും മൂന്ന് ആനകളും പാലത്തിലൂടെ നടന്നിരുന്നു. ഈ സമയം എൻജിനീയർ ജി.ബി.എസ്. ട്രസ്കോർട്ടും ഭാര്യയും മകനും പുഴയിൽ ഒരു വഞ്ചിയിൽ ഇരിക്കുകയായിരുന്നു. പാലത്തിന്‍റെ ഉറപ്പ് പരിശോധിക്കാനാണ് അദ്ദേഹം ഉദ്ഘാടന വേദിയിൽ നിന്നും മാറി പാലത്തിനടിയിൽ നിലയുറപ്പിച്ചത്.

അഞ്ചര മീറ്റർ വീതിയും 141 മീറ്റർ നീളവുമുള്ള പാലത്തിൽ മൂന്ന് വീതം ആർച്ചുകളാണ് ഇരുഭാഗത്തുമായി തീർത്തത്. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്‍റെ ചിഹ്നം ഇപ്പോഴും ശിലാഫലകത്തിലുണ്ട്. മാർത്താണ്ഡ വർമ്മ പാലത്തിൻറെ അതേ മാതൃകയിൽ വർഷങ്ങൾക്ക് ശേഷം സെമിനാരിപടിക്കും ദേശത്തിനുമിടയിലായി മംഗലപ്പുഴ പാലവും നിർമ്മിച്ചു. ദേശീയപാതയിൽ തിരക്കേറിയതോടെ രണ്ടിടത്തും സമാന്തര പാലങ്ങളും നിർമിച്ചു. ഇതിൽ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി നിർമിച്ചതും അതേ മാതൃകയിലുള്ള ആർച്ച് പാലമാണ്. ചരിത്രത്തിൻറെ ഭാഗമാണെങ്കിലും ഇന്ന് മാർത്താണ്ഡവർമ പഴയ പാലം അവഗണിക്കപ്പെട്ട് കിടക്കുകയാണ്. സമയാസമയങ്ങളിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താറില്ല. 

Tags:    
News Summary - Marthanda Varma Bridge Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.