പന്തീരാങ്കാവ് (കോഴിക്കോട്): ഇ.എം.എസിന്റെ പേരിൽ പാർട്ടി പ്രവർത്തകരും അനുഭാവികളും ചേർന്ന് ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം പാർട്ടിഗ്രാമമായ പെരുമൺപുറയിൽ കൂട്ടനടപടി. പെരുമണ്ണ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമുൾപ്പെടെ 10 പേരെയാണ് സസ്പെന്ഡ് ചെയ്തത്. പാർട്ടി ശക്തികേന്ദ്രമായ പെരുമൺപുറയിൽ ഏറെകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് കൂട്ടനടപടിയോടെ പുതിയതലത്തിലേക്ക് എത്തിയത്. പ്രാദേശികമായ ചില പ്രശ്നങ്ങളിൽ പാർട്ടി നേതൃത്വം പുലർത്തിയ നിസ്സംഗതയിൽ പ്രതിഷേധിച്ച്, നിലവിൽ നടപടിക്ക് വിധേയനായ ലോക്കൽ കമ്മിറ്റി അംഗം രാജിക്കത്ത് നൽകിയിരുന്നു. പലതവണ പരാതി നൽകിയിട്ടും പ്രശ്നങ്ങൾ ചർച്ചചെയ്തില്ലെന്ന കാരണത്താലാണ് മാസങ്ങൾക്കുമുമ്പ് അദ്ദേഹം രാജിവെച്ചത്.
ആഴ്ചകൾക്ക് മുമ്പാണ് ഇവിടെ സാന്ത്വനം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയത്. ഇത് പാർട്ടി വിരുദ്ധരുടെ വേദിയാണെന്ന കണ്ടെത്തലിൽ സൊസൈറ്റിയുമായി സഹകരിക്കരുതെന്ന് സി.പി.എം പ്രാദേശികഘടകം അണികൾക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, സൊസൈറ്റി രജിസ്റ്റർ ചെയ്ത് ഉദ്ഘാടനവും തീരുമാനിച്ചതോടെയാണ് അംഗങ്ങൾക്കെതിരെ സി.പി.എം പ്രത്യക്ഷനടപടികൾക്ക് മുതിർന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ച പി.ടി.എ. റഹീം എം.എൽ.എ പിൻവലിഞ്ഞതോടെ ചാരിറ്റി പ്രവർത്തകനായ അഡ്വ. ഷമീറാണ് ഉദ്ഘാടനം ചെയ്തത്. തവിട്ട്ചുരകുന്നിലെ ചെങ്കൽഖനനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടുകൾ നേരത്തെ അണികൾ ചോദ്യംചെയ്തിരുന്നു. പ്രാദേശികവികാരം മാനിക്കാതെ നേതൃത്വം ഖനനത്തിന് കൂട്ടുനിന്നുവെന്ന ആരോപണമാണ് ഉയർന്നത്.
ഡി.വൈ.എഫ്.ഐ പാലം യൂനിറ്റ് സെക്രട്ടറി സിജിത്ത് പാറക്കോട്ട്, പ്രസിഡന്റ് സുബിത് പാറക്കോട്ട്, സജിൻദേവ് കുന്നുമ്മൽ, ബിജി മുണ്ടക്കശ്ശേരി, ഇ.പി. ശ്രീനിവാസൻ, എം. പുരുഷോത്തമൻ, സതീഷ്കുമാർ അമ്മന്നൂർ, ആഷിൻ രാജ് പിലാക്കാട്ട് മേത്തൽ, അൽ അമീർ തയ്യിൽ താഴം എന്നിവർക്കാണ് ആറു മാസം സസ്പെൻഷൻ. ഷാനുപ്രസാദ് മുണ്ടക്കാശ്ശേരിയെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.