ആലപ്പുഴ: ആലപ്പുഴ സി.പി.എമ്മിൽ വീണ്ടും കൂട്ടരാജി. ലോക്കൽ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ ബന്ധം ചൂണ്ടിക്കാട്ടി ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 അംഗങ്ങളാണ് കൂട്ടത്തോടെ രാജിവെച്ചത്. നാല് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചവരിൽ ഉൾപ്പെടും.
വർഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും കൂട്ടത്തോടെ പാർട്ടിവിട്ടു. രാജിവെച്ചവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച ജില്ല സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് പാർട്ടിയിൽ കൂട്ടരാജി. തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ല സെക്രട്ടറി ആർ. നാസറിന് നേരിട്ടെത്തിയാണ് പാർട്ടി അംഗങ്ങൾ രാജിക്കത്ത് സമർപ്പിച്ചത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദ് എസ്.ഡി.പി.ഐക്കാരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ഇയാൾ പാർട്ടിയുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാൻ കഴിയാത്ത ആളാണെന്നും പ്രവർത്തകർ ജില്ല സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു.
ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയാണ് എസ്.ഡി.പി.ഐ പ്രവർത്തകനെന്നും അംഗങ്ങൾ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവർ ജില്ല നേതൃത്വത്തിന് കത്ത് നൽകിയത്. നേരത്തേ ഏരിയ നേതൃത്വത്തിനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങൾ പരാതി നൽകിയിരുന്നു. നടപടി ഇല്ലാതെ വന്നതോടെയാണ് അംഗങ്ങൾ ജില്ല നേതൃത്വത്തിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.