കൊച്ചി: ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ‘പി.വി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ ഉദ്ദേശിച്ചാണെന്നും മറിച്ച് തെളിയിച്ചാല്‍ താൻ എം.എല്‍.എ സ്ഥാനം രാജിവെക്കാമെന്നും മാത്യു കുഴല്നാടൻ. മകൾക്കെതിരായ അഴിമതി റിപ്പോർട്ട് പുറത്തുവന്നിട്ടുപോലും ഏഴുമാസത്തിനു ശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കണ്ടത്. സി.എം.ആർ.എല്ലിൽനിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലെ ‘പി.വി’ എന്ന ചുരുക്കപ്പേര് തന്റേതായിരിക്കില്ലെന്നും ഈ നാട്ടിൽ എത്രയോ പി.വിമാരുണ്ടെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ദയനീയ സ്ഥിതിയിൽ സഹതപിക്കുകയാണെന്ന് കുഴൽനാടൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉടുമ്പൻചോല ചിന്നക്കനാലിൽ കെട്ടിടം വാങ്ങി വില കുറച്ച് രജിസ്റ്റർ ചെയ്തെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര അന്വേഷണം വേണമെങ്കിലും നടത്താമെന്നും എല്ലാ നിലക്കും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മകള്‍ വീണ വിജയൻ കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്പനികള്‍ തമ്മില്‍ കരാര്‍പ്രകാരം നല്കിയ പണമാണെന്ന വാദം പച്ചക്കള്ളമാണ്. അക്കൗണ്ട് വഴി പണം വാങ്ങിയാല്‍ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഒരു കമ്യൂണിസ്റ്റുകാരൻപോലും ഇത് വിശ്വസിക്കില്ല. ഒരു സേവനവും നല്‍കാതെയാണ് കരിമണല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകള്‍ക്ക് അവർ ഭിക്ഷയായിട്ടാണോ പണം നല്‍കിയതെന്ന് കുഴല്നാടൻ ചോദിച്ചു. തന്നെയും അഴിമതിക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയുടെ ഭാഗമാണ് വിജിലൻസ് അന്വേഷണം. ഏത് അന്വേഷണത്തോടും സഹകരിക്കും. ജനപ്രതിനിധി എന്ന നിലയിലുള്ള ഒരു ആനുകൂല്യവും ഇതിനായി വേണ്ട.
അന്വേഷണത്തിന്റെ പേരില്‍ തളര്‍ത്തിക്കളയാമെന്നോ തകര്‍ത്തുകളയാമെന്നോ കരുതേണ്ട. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ സംവിധാനങ്ങളെ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്നു തുറന്നുകാണിക്കും. കേസ് നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്. തന്റെ പോരാട്ടം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.