കോഴിക്കോട്: േവ്ലാഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്‍റെയും വാഹന വകുപ്പിന്‍റെയും അതിക്രമങ്ങളെന്നും തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളരിക്കാപട്ടണമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ?
ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ പാത്രം തട്ടിത്തെറിപ്പിക്കുക. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക.
ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്‍റെയും വാഹന വകുപ്പിന്‍റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ലോഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളരിക്കാപട്ടണമല്ല.
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.
NB: പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടെയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽകുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.