പാലക്കാട്: സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ ലാൻഡ്നഫോൺ നമ്പറുകൾ പ്രതികരിക്കാതായതോടെ വെട്ടിലായ രണ്ടുപേരുണ്ട്. രണ്ടുവർഷം മുമ്പുവരെ മെഡിക്കൽ കൗൺസിൽ പ്രസിഡന്റായിരുന്ന ഡോ. റാണി ഭാസ്കരനും രജിസ്ട്രാറായിരുന്ന എ. മുഹമ്മദ് ഹുസൈനും.
കേരള മെഡിക്കൽ കൗൺസിലിന്റെ വെബ്സൈറ്റിലെ രണ്ടോ മൂന്നോ ലാൻഡ് നമ്പറുകൾ പ്രതികരിക്കാതായതോടെ ഇവരെത്തേടി കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങാതെ എത്തുന്നത് നൂറുകണക്കിന് ഫോൺ കോളുകളാണ്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന വർഷങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ ഇവരുടെ മൊബൈൽ നമ്പറുകൾ ഇപ്പോഴും രാജ്യത്തെ മെഡിക്കൽ കൗൺസിലുകളുടെ ചുമതലയുള്ള നാഷനൽ മെഡിക്കൽ കമീഷനിൽ മാറാതെ കിടപ്പാണ്.
രണ്ടുവർഷം കഴിഞ്ഞിട്ടും, ഭാരവാഹികൾ മാറിയിട്ടും ഇവരെത്തേടി അന്വേഷണങ്ങളും സംശയങ്ങളും വിദേശത്തുനിന്നുൾപ്പെടെ പ്രതിദിനം എത്തുന്നു. മെഡിക്കൽ കൗൺസിലെ ഫോൺ എടുക്കില്ലെന്ന് പറയുമ്പോൾ അറിയുന്ന വിവരങ്ങൾ പറഞ്ഞുകൊടുക്കാൻ ഇരുവരും മടിക്കുന്നില്ല. നിരവധി തവണ മെഡിക്കൽ കൗൺസിലിനെയും അധികൃതരെയും ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
സംസ്ഥാനത്തെ വൈദ്യബിരുദ വിദ്യാർഥികൾക്ക് ദിശാബോധം നൽകേണ്ട, ഡോക്ടർമാർക്ക് ചികിത്സാധികാരം നൽകേണ്ട മെഡിക്കൽ കൗൺസിലുകളുടെ പ്രവർത്തനം സംബന്ധിച്ച് ആക്ഷേപമുയരുകയാണ്. വിദേശത്തുനിന്ന് മെഡിക്കൽ ബിരുദമെടുത്ത് സംസ്ഥാനത്ത് എത്തുന്നവർ ഏറിയതോടെ ചികിത്സിക്കാനുള്ള രജിസ്ട്രേഷൻ നടപടിക്രമം അന്വേഷിക്കുന്നവർ ഏറെയാണ്. മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ കൊടുത്ത ലാൻഡ് നമ്പറുകളാണെങ്കിൽ പ്രതികരണവുമില്ല.
പര്യാപ്തമാവുംവിധം കൗൺസിലിന്റെ വെബ്സൈറ്റ് സജ്ജീകരിച്ചിട്ടുമില്ല. സംസ്ഥാന മെഡിക്കൽ കൗൺസിലായിട്ട് വർഷങ്ങളായിട്ടും നാഷനൽ മെഡിക്കൽ കമീഷൻ വെബ്സൈറ്റിൽ ഇപ്പോഴും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ എന്നാണ്. ആധുനിക വൈദ്യശാഖയിലെ അംഗീകാരമുള്ള ഡോക്ടർമാരുടെ വിവരങ്ങൾ പോലും കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ അപൂർണമാണ്.
മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കൗൺസിൽ വെബ്സൈറ്റ് പോലെ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന സംവിധാനം സജ്ജീകരിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ വെബ്സൈറ്റുകളിൽ സംശയം രേഖപ്പെടുത്താം. പണമടച്ച് രജിസ്ട്രേഷൻ സംബന്ധമായി ഓഫിസിൽ എത്തേണ്ട തീയതി പോലും ലഭ്യമാകുന്നുമുണ്ട്. അവിടെ ടെലിഫോണിൽ വിവരം നൽകാൻ ആളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.