തിരുവനന്തപുരം: മതസംഘടനകളുടെ പേരിൽ മെഡിക്കൽ/ ഡെൻറൽ സീറ്റുകൾ സംവരണം ചെയ്തുള്ള തട്ടിപ്പ് സ്വാശ്രയ കച്ചവടത്തിനുള്ള അവസാന വഴിയും അടഞ്ഞപ്പോൾ. കോളജ് മാനേജ്മെൻറ് പ്രതിനിധാനംചെയ്യുന്ന സമുദായത്തിലെ വിദ്യാർഥികൾക്ക് സംഘടനാ വ്യത്യാസമില്ലാതെ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ട സീറ്റിലേക്കാണ് സർക്കാർ വിചിത്രമായ ഉത്തരവിറക്കിയത്.
സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ സമർപ്പിച്ച സീറ്റ് വിഭജനം ആരോഗ്യവകുപ്പ് ഒരു പരിശോധനയുമില്ലാതെ അംഗീകരിക്കുകയായിരുന്നു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജിൽ 37 സീറ്റിൽ മുജാഹിദ് വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കാണ് സംവരണം. ഇൗ സീറ്റിലേക്ക് റവന്യൂ അധികാരികളുടെ രേഖക്കൊപ്പം കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന കമ്മിറ്റിയുടെ കത്താണ് രേഖയായി സർക്കാർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.
15 സീറ്റിൽ സുന്നി വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കാണ് സംവരണം. ഇവർ ബന്ധപ്പെട്ട മഹല്ല് കമ്മിറ്റിയുടെ കത്താണ് രേഖയായി നൽകേണ്ടത്. അഞ്ച് സീറ്റിൽ ജമാഅത്തെ ഇസ്ലാമി വിഭാഗത്തിനാണ് സംവരണം. ഇൗ വിദ്യാർഥികൾ ജമാഅത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന ഒാഫിസിൽനിന്നുള്ള കത്താണ് രേഖയായി സമർപ്പിക്കേണ്ടത്. കൊല്ലം അസീസിയ കോളജിലെ 20 സീറ്റിൽ കൊല്ലം കേരള മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ മക്കൾക്കാണ് സംവരണം. ഇതിനായി ഹാജരാക്കേണ്ടത് കൊല്ലം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനിൽനിന്നുള്ള രേഖയാണ്. 15 സീറ്റിൽ സുന്നി വിഭാഗത്തിന് പ്രവേശനത്തിന് കൊല്ലം കേരള സുന്നി ജമാഅത്ത് യൂനിയനിൽനിന്നാണ് രേഖ ലഭ്യമാക്കേണ്ടത്.
കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ 60 സീറ്റിൽ പ്രവേശനത്തിന് കൊല്ലം കരിക്കോട് മുസ്ലിം അസോസിയേഷനാണ് രേഖ നൽകേണ്ടത്. കണ്ണൂർ മെഡിക്കൽ കോളജിൽ 15 സീറ്റിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള സുന്നി വിഭാഗങ്ങൾക്കാണ്. ഇതിനായി ഇരുജില്ലയിലെയും മഹല്ല് ഖാദിമാരാണ് രേഖ നൽകേണ്ടത്. 20 സീറ്റിൽ കണ്ണൂർ ജില്ലയിൽനിന്ന് മാത്രമുള്ള സുന്നി വിഭാഗത്തിനും 10 സീറ്റിൽ കാസർേകാട് ജില്ലയിൽനിന്നുള്ള സുന്നികൾക്കും അഞ്ച് സീറ്റിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സുന്നി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുമാണ് പ്രവേശനം. ഇതിനെല്ലാം ബന്ധപ്പെട്ട മഹല്ല് ഖാദിയുടെ കത്താണ് രേഖയായി സർക്കാർ നിശ്ചയിച്ചത്. ഇതിന് പുറമേ, കണ്ണൂർ ഡെൻറൽ കോളജ്, അസീസിയ ഡെൻറൽ കോളജ്, തൊടുപുഴ അൽ അസ്ഹർ ഡെൻറൽ കോളജ് എന്നിവിടങ്ങളിലെ സാമുദായിക സീറ്റുകളിലേക്ക് ബന്ധപ്പെട്ട സംഘടനാ ഭാരവാഹിയോ മഹല്ല് ഖാദിയോ ആണ് രേഖ നൽകേണ്ടത്.
എന്നാൽ, സെഞ്ച്വറി, എജുകെയർ, പി.എം.എസ്, റോയൽ, ഇന്ദിര ഗാന്ധി, അന്നൂർ എന്നീ ഡെൻറൽ കോളജുകളിലെ സാമുദായിക സംവരണ സീറ്റുകളിലേക്ക് റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റുകളിലേക്ക് ബന്ധപ്പെട്ട റവന്യു അധികാരികളുടെ സർട്ടിഫിക്കറ്റിന് പുറമേ, ബിഷപ്/ ആർച്ച് ബിഷപ് ഉൾപ്പെടെ സഭാഅധികാരികൾ നൽകുന്ന രേഖയാണ് നൽകേണ്ടത്.
സർക്കാർ ഉത്തരവ് പിൻവലിക്കണം –ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ സംവരണ സീറ്റുകളിൽ പ്രവേശനത്തിന് മഹല്ല് ഭാരവാഹികളുടെയും മതസംഘടന നേതാക്കളുടെയും ശിപാർശ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംവരണസമുദായത്തിൽെപട്ട യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. മതമീമാംസപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വിവിധ മതസംഘടനകളും വിഭാഗങ്ങളും രൂപപ്പെട്ടതും പ്രവർത്തിക്കുന്നതും. ഇവ മെഡിക്കൽ പ്രവേശനത്തിെൻറ മാനദണ്ഡമാകരുത്. വിവിധ മതസംഘടനകൾക്കിടയിൽ സീറ്റുകൾ വീതംവെക്കുന്നത് മതേതര സർക്കാറിന് ചേർന്ന നടപടിയല്ല. മതസംഘടനകളിൽ പ്രവർത്തിക്കാത്ത മതാനുയായികളുമുണ്ട്. സാമൂഹികനീതിയെ സർക്കാർനടപടി അട്ടിമറിക്കും. ഇത് ന്യൂനപക്ഷ മതസമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.