മേപ്പാടി: ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാൽ മേപ്പാടി പഞ്ചായത്തിലെ പുളിയംപറ്റ ഗ്രാമവാസികൾ ദുരിതത്തിൽ. റോഡിന് നിരവധിതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. റോഡ് ഗതാഗത യോഗ്യമാക്കാത്തതിനാൽ ഈ മഴക്കാലവും ചളി നിറഞ്ഞ വഴി നീന്തണം.
പഞ്ചായത്തിലെ 22ാം വാർഡിലെ പുളിയംപറ്റ-ചെമ്പോത്തറ റോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. മേപ്പാടി പഞ്ചായത്തിൽ റോഡ് സൗകര്യങ്ങൾ അപര്യാപ്തമായിരുന്ന കാലത്ത് മേപ്പാടി കാർമൽ പള്ളി, വിത്ത്കാട്, കല്ലുമല, നെടുമ്പാല, ചെമ്പോത്തറ, കിഴക്കേത്തല നിവാസികൾ ആശ്രയിച്ചിരുന്നത് ഈ വഴിയായിരുന്നു. ചെമ്പോത്തറ ഡാം റോഡ് വന്നതോടെ അധികൃതർ പഴയ റോഡിനെ തിരിഞ്ഞുനോക്കാതെയായി.
റോഡ് പഞ്ചായത്ത് ഏറ്റെടുക്കുന്നതിന് പ്രദേശവാസികൾ രണ്ട് പതിറ്റാണ്ടിലധികമായി അധികൃതരുടെ മുന്നിൽ ആവശ്യം ഉന്നയിച്ചെങ്കിലും സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് അധികൃതർ ഒഴിയുകയായിരുന്നു.
2008ൽ പ്രദേശവാസികൾ റോഡിന് എട്ടു മീറ്റർ വീതിയിലധികം ഒന്നര ഏക്കർ കൃഷി സ്ഥലം സൗജന്യമായി വിട്ടുനൽകി. എന്നിട്ടും തുടർ നടപടി നീണ്ടുപോയി. 2019ൽ പഞ്ചായത്ത് ഭരണസമിതി ഫണ്ട് ലഭ്യമാക്കിയതായി വാർഡ് മെംബർ പറയുന്നു. ആറുമാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ല.
പ്രദേശവാസികൾ പുറം ലോകവുമായി ബന്ധപ്പെടാൻ കല്ലുമല വഴിയുള്ള പാതയാണ് ആശ്രയിക്കുന്നത്. നിലവിൽ 10 മിനിറ്റ് സഞ്ചരിച്ച് എത്തേണ്ട സ്ഥലത്തേക്ക് ഒന്നര കിലോമീറ്റർ കൂടുതൽ യാത്രചെയ്തു വേണം പ്രധാന റോഡിലെത്താൻ. ആരെങ്കിലും അപകടത്തിൽപെട്ടാൽ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശത്തുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.