തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ വിശദീകരണം നല്‍കാന്‍ മന്ത്രിമാർ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. എട്ട് ബില്ലുകളായിരുന്നു ഗവർണർക്കു മുന്നിലെത്തിയത്. അതിൽ ചില ബില്ലുകളിൽ വ്യക്തത വരുത്താൻ വേണ്ടി മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിമാരായ പി രാജീവ് , ആർ ബിന്ദു, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ , ജെ ചിഞ്ചുറാണി എന്നിവർ ഗവർണറെ നേരിട്ട് കണ്ട് വിശദീകരണം നൽകി. മന്ത്രിമാർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ചില ബില്ലുകളിൽ ഒപ്പിട്ടേക്കും.
വഖഫ് , സഹകരണം നിയമഭേദഗതി ബില്ലുകളിലാണ് ഒപ്പിടാൻ സാധ്യത. എന്നാൽ വിവാദ ബില്ലുകളിൽ ഗവർണർ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ചാൻസലൻ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിലും ലോകായുക്ത നിയമഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ഇന്ന് വൈകുന്നേരും ഹൈദരാബാദിലേക്ക് പോകുന്ന ഗവർണർ അടുത്ത മാസം ആദ്യമേ തിരിച്ചെത്തുകയുള്ളൂ.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത നിലപാടുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും ഇതുവരെയും അത്തരം വിശദീകരണം മുഖ്യമന്ത്രി നൽകിയിട്ടില്ലെന്നും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണെന്നും അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കുമെന്നും ഗവർണർ പറഞ്ഞു. സർക്കാറിനെതിരായ പരാതികൾ അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാറല്ലെന്നും ഭരണഘടന തത്ത്വങ്ങൾ പാലിക്കാൻ താൻ ജാഗ്രത പാലിക്കുമെന്നും പറഞ്ഞ ഗവർണർ ഏക സിവിൽ കോഡിൽ ഉറച്ചു നിന്ന നിലപാടിൽ നിന്ന് ഇടത് പാർട്ടികൾ മാറുന്നെന്നും ഇപ്പോഴത്തെ പുതിയ നിലപാട് പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാവാമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.