തിരുവനന്തപുരം: അഴിമതിയെയല്ല, അഴിമതിക്കാരായി മുദ്രകുത്തിയവരുടെ രാഷ്ട്രീയ ബന്ധത്തെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുന്നത് എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് ആർ. ബാലകൃഷ്ണപിള്ളക്ക് എൽ.ഡി.എഫ് സര്‍ക്കാര്‍ നല്കിയ ക്യാബിനറ്റ് പദവിയോടുകൂടിയ ചെയര്മാന് സ്ഥാനമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. യു.ഡി.എഫിൽ ആയിരുന്നപ്പോഴാണ് പിള്ളയെ അഴിമതിക്കേസില്‍ വി.എസ്. അച്ചുതാനന്ദന് ജയിലില്‍ അടപ്പിച്ചത്.
എൽ.ഡി.എഫില്‍ ചേര്‍ന്നതോടെ വി.എസിന് നല്കിയതുപോലെ പിള്ളക്കും കാബിനറ്റ് പദവി നല്കി ആദരിച്ചു. യു.ഡി.എഫിൽ ആയിരുന്നപ്പോള്‍ അഴിമതിവീരനെന്നു മുദ്രകുത്തി അശുദ്ധനാക്കിയ പിള്ളയെ സി.പി.എം ഇപ്പോള്‍ വിശുദ്ധനാക്കിയതോടെ അഴിമതിക്കെതിരെയുള്ള അവരുടെ പോരാട്ടത്തിെൻറ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിക്കാരനാക്കി മുദ്രകുത്തി അക്രമിച്ച കെ.എം. മാണിയുടെ പാര്‍ട്ടിക്ക് കോട്ടയം ജില്ല പഞ്ചായത്തില്‍ വോട്ടുചെയ്ത സി.പി.എമ്മിെൻറ ആദര്‍ശരാഹിത്യം ഇതിനു സമാനമായ അവസരവാദമാണ്. അഴിമതിക്കാരനെന്ന് മുദ്രകുത്തിയ ഏത് വ്യക്തിയും സി.പി.എം തൊട്ടാല്‍ അവര്‍ ശുദ്ധരാകുമെന്ന സന്ദേശമാണ് സി.പി.എം ഇപ്പോള്‍ നല്‍കുന്നത്. ഇതോടെ അഴിമതിക്കെതിരെ ശബ്ദിക്കാന്‍ സി.പി.എമ്മിന് ധാർമികശക്തി ഇല്ലാതായെന്നും ഹസന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.