'ആനിരാജയുടെ ഒണ്ടാക്കൽ അങ്ങ് ഡല്‍ഹിയില്‍ അല്ലേ; സമയം കിട്ടിയാൽ ഇനിയും രമക്കെതിരെ ഭംഗിയായി പറയും' -കലിയടങ്ങാതെ എം.എം. മണി

തൊടുപുഴ: 'അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ' -സി.പി.ഐ നേതാവ് ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം നേതാവ് എം.എം. മണി. വടകര എം.എൽ.എ കെ.കെ. രമയെ നിയമസഭയിൽ മണി അധിക്ഷേപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ പ്രതികരിച്ചിരുന്നു. ഇതാണ് മണിയെ പ്രകോപിപ്പിച്ചത്.

'അവര്‍ (ആനിരാജ) അങ്ങനെ പറയും. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ (രമക്കെതിരെ) പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും' -എന്നാണ് മണി പറഞ്ഞത്.

കഴിഞ്ഞ ദിവസം, 'ഇവിടെ ഒരു മഹതി പൊലീസിനെതിരെ പറഞ്ഞു. അവർ വിധവയാണ്, വിധവയായത് അവരുടെ വിധി' എന്നായിരുന്നു നിയമസഭയിൽ മണി രമക്കെതിരെ പറഞ്ഞത്. ഇതിനെ വിമർശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമർശങ്ങൾ പിൻവലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എമ്മാണെന്നും ആനിരാജ പറഞ്ഞു.

Tags:    
News Summary - MM Maniu against Aniraja and KK Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.