മൂന്നാർ: നീലക്കുറുഞ്ഞി ഉദ്യാനപരിധിയില്‍ താമസിക്കുന്ന വട്ടവട പഞ്ചായത്തിലെ ഒരാളെപ്പോലും പുറത്താക്കുന്ന പ്രശ്നമിെല്ലന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ഒരാൾക്കും സ്ഥലം വിട്ടുപോകേണ്ടിവരില്ല. ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേഖലയിൽ മന്ത്രിതല സംഘം സന്ദര്‍ശനം നടത്തിയതിനു പിന്നാലെ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം സാധ്യമായില്ല. ഇതിനായി നിയോഗിക്കപ്പെട്ട സെറ്റിൽമെൻറ് ഒാഫിസറുടെ പ്രവര്‍ത്തനം നടക്കണമെങ്കില്‍ ജനങ്ങളുടെ സഹകരണം വേണം. അവർ ജീവിച്ചുവന്ന ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകേണ്ടി വരുമെന്ന ആശങ്ക എതിർപ്പിൽ കലാശിക്കുകയായിരുന്നു. ജനങ്ങളുടെ ആശങ്കയില്‍ ന്യായമുണ്ട്. ഉദ്യോഗസ്ഥർ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താൻ നിയമപരമായി ബാധ്യസ്ഥരുമാണ്. അതില്‍ യാന്ത്രികമായ സമീപനം പാടില്ല. സർവേ നടപടികള്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഇതില്‍ പരിഹാരമുണ്ടാക്കണമെന്നാണ് ആഗ്രഹം.
പരിശോധനക്കായി ജനങ്ങള്‍ രേഖകളുമായി ആർ.ഡി.ഒ ഒാഫിസില്‍ എത്തണമെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍വേക്കും പരിശോധനക്കും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങളും രേഖകളും നല്കി ജനങ്ങള്‍ സഹകരിക്കണം. ഇവിടെ അധിവസിക്കുന്നവരെ മറയാക്കി മറ്റ് താൽപര്യക്കാർ നടത്തുന്ന കാര്യങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ ജനങ്ങളുടെ സഹകരണമുണ്ടാകരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സന്ദര്‍ശനവേളയിൽ ലഭിച്ച നിർദേശങ്ങളും നിവേദനങ്ങളുടെ ഉള്ളടക്കവും പരിശോധിക്കും. പ്രത്യേക സർവേ സംഘത്തെ നിയോഗിക്കുന്നത് ആലോചിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ ജോയിസ് ജോര്‍ജ് എം.പി, എം.എൽ.എമാരായ എസ്. രാജേന്ദ്രന്, ഇ.എസ്. ബിജിമോള്‍, മുന്‍ എം.എൽ.എ എ.കെ. മണി, വട്ടവട പഞ്ചായത്ത് പ്രസിഡൻറ് പി. രാമരാജ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, നാഗരാജ്, പി. പളനിവേല്‍ തുടങ്ങിയവര്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. എ.ഡി.എം പി.ജി. രാധാകൃഷ്ണന്, ദേവികുളം സബ് കലക്ടര്‍ വി.ആർ. പ്രേംകുമാര്‍, പ്രിന്‍സിപ്പല്‍ സി.സി.എഫ് പി.കെ. കേശവന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് എ.കെ. ഭരദ്വാജ്, ഫീല്‍ഡ് ഡയറക്ടർ (പ്രോജക്ട്) ജോര്‍ജി പി. മാത്യു, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈവശക്കാരോട് മൃദുസമീപനത്തിന് നിർദേശം
തൊടുപുഴ: കുറിഞ്ഞി ഉദ്യാനത്തിെൻറ സെറ്റിൽമെൻറ് ഒാഫിസറായ ദേവികുളം സബ് കലക്ടർ കൈവശക്കാരോട് അയഞ്ഞ സമീപനം പുലർത്തണമെന്ന നിർദേശവും നൽകിയാണ് രണ്ടുദിവസത്തെ മൂന്നാർ ദൗത്യം പൂർത്തിയാക്കി റവന്യൂ മന്ത്രിയടക്കം മടങ്ങിയത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് അടിസ്ഥാനം അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരെൻറ റിപ്പോർട്ടാണെന്നതിൽ പാർട്ടി നേതൃത്വങ്ങൾക്കും ജനപ്രതിനിധികൾക്കുമെല്ലാം ഒരേ സ്വരമാണ്. മൂന്നാറിലുണ്ടായിരുന്ന സി.പി.െഎ മന്ത്രിമാരെ ‘ചട്ടം പഠിപ്പിക്കാൻ’ സി.പി.എം നിയോഗിച്ചവരെല്ലാം നിവേദിതയുടെ ശിപാർശയനുസരിച്ച് ഇറക്കിയ 2015 ഫെബ്രുവരി 16ലെ ഉത്തരവ് തിരുത്തണമെന്ന ആവശ്യം ഉയർത്തി. മന്ത്രിമാരെ കാണേണ്ടവരുടെ പട്ടികയുണ്ടാക്കിയതും എന്തുപറയണമെന്ന് നിർദേശിച്ചതും എസ്. രജേന്ദ്രൻ എം.എൽ.എ.
കുറിഞ്ഞി ഉദ്യാനത്തിെൻറ പരിപാലനവും അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് എത്തിയ, മന്ത്രിതല സമിതിയിലെ സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും കെ. രാജുവിനെയും ‘ജനവികാര’ത്തിനൊപ്പം നടത്താൻ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ സി.പി.എം നടപ്പാക്കിയ നീക്കത്തിെൻറ ഭാഗമായിരുന്നു നിവേദിതയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ആക്രമണം. ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി. ഹരന് റിപ്പോര്‍ട്ട് തയാറാക്കിയതെന്നായിരുന്നു മണിയുടെ കമൻറ്. ബിനാമി പേരിലും രേഖകൾ വ്യാജമായി ചമച്ചതുമടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭൂരേഖകൾ ഹാജരാക്കുന്നത് നേരിട്ടാകണമെന്നും പട്ടയക്കൈമാറ്റത്തിന് സാധുത കൈവരുന്ന കാലാവധി കഴിയുംവരെ മുക്ത്യാർ വഴി ഭൂമി ഇടപാട് അനുവദിക്കരുതെന്നതുമടക്കം 15 നിർദേശങ്ങൾ പരിഗണിച്ചാണ് 2015 ഫെബ്രുവരി 16 ലെ ഉത്തരവിറങ്ങിയത്. അഞ്ചുനാട് മേഖലയിലെ മരംമുറി നിരോധിച്ചതടക്കവും ഇതോടെയാണ് പ്രാബല്യത്തിലായത്. ഉത്തരവിറങ്ങിയത് യു.ഡി.എഫ് സർക്കാറിെൻറ കാലത്താണെങ്കിലും നിവേദിതയുടെ ശിപാർശകൾ പാേട തള്ളണമെന്ന ആവശ്യത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയാണ് മന്ത്രിതല സമിതിയെ കണ്ടത്.
പ്രശ്നങ്ങൾ പരിഹരിക്കും –മന്ത്രി മണി
മൂന്നാർ: ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വലിയ ചുവടുവെപ്പാണ് മന്ത്രിതല സന്ദർശനവും ജനപ്രതിനിധികളുടെ യോഗവുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളെയും കണക്കിലെടുത്തേ പറ്റൂ. മുമ്പ് ഇതിന് ശ്രമമുണ്ടായില്ല. കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ജനങ്ങളുടെ ആശങ്കകളും പരിഹരിക്കുന്നതിനു പരിഹാരമാകുന്ന നിർദേശങ്ങൾ സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് മണി വ്യക്തമാക്കി.
അനുകൂലസമീപനമെടുക്കും –മന്ത്രി രാജു
മൂന്നാർ: വനം വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി കെ. രാജു. എല്ലാവരുടെയും സഹകരണം വേണമെന്നും അതിന് സഹായകരമായ സമീപനമാകും വനംവകുപ്പ് സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.