കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭ സീറ്റ് പരിഗണന പട്ടികയിൽ അഡ്വ. ഹാരിസ് ബീരാന്റെ പേരും. ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ, ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ‘ഇൻഡ്യ’ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാന്റെ പേരും ഉയർന്നുവന്നത് എന്നത് ശ്രദ്ധേയം. ഡൽഹി കെ.എം.സി.സി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിനുവേണ്ടി കെ.എം.സി.സിയാണ് ആവശ്യമുയർത്തിയതെന്ന് അറിയുന്നു. വിഷയത്തിൽ സാദിഖലി തങ്ങൾ മനസ്സ് തുറന്നിട്ടില്ല. ഡൽഹിയിൽനിന്ന് യു.എ.ഇയിലേക്കുപോയ അദ്ദേഹം ശനിയാഴ്ച തിരിച്ചെത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുക.
ജന. സെക്രട്ടറി പി.എം.എ. സലാം, യൂത്ത്ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു എന്നിവരാണ് രാജ്യസഭ പരിഗണനയിലുള്ള മറ്റുള്ളവർ. രാജ്യസഭ സീറ്റിലേക്കാകുമ്പോൾ ജന. സെക്രട്ടറി സ്ഥാനത്തുനിന്ന് സലാമിനെ മാറ്റേണ്ടിവരില്ലെന്നതാണ് അദ്ദേഹത്തിന് അനുകൂല ഘടകം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജന. സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നത് പാർട്ടിക്ക് കീറാമുട്ടിയാകും. അതേസമയം, യൂത്ത് ലീഗ് ആവശ്യം തള്ളാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ലോക്സഭയിലേക്ക് അവർ ആവശ്യമുന്നയിച്ചതാണെന്നും അക്കാര്യം പരിഗണനയിലുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയതിനാൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. വി.കെ. ഫൈസൽ ബാബുവിന്റെ പേര് യൂത്ത്ലീഗ് നിർദേശിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് ഹാരിസ് ബീരാന്റെ പേര് കടന്നുവന്നത് എന്നതിനാൽ സാദിഖലി തങ്ങളുടെ തീരുമാനം ഉറ്റുനോക്കുകയാണ് പ്രവർത്തകർ. സംഘടനാ നേതൃത്വത്തിലുള്ളവരെത്തന്നെ പരിഗണിക്കണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. 2004ൽ പി.വി. അബ്ദുൽ വഹാബിന് രാജ്യസഭ സീറ്റ് നൽകിയത് അന്ന് വിവാദമായിരുന്നു. ഇത്തരത്തിൽ വിവാദമുണ്ടാകാതിരിക്കാനാണ് സംഘടനാ വൃത്തത്തിലുള്ളവർക്കുതന്നെ രാജ്യസഭ സീറ്റ് നൽകണമെന്ന ആവശ്യമുന്നയിക്കുന്നവർ താൽപര്യപ്പെടുന്നത്. രാജ്യസഭയിലേക്ക് പുതുമുഖമായിരിക്കുമെന്ന് സാദിഖലി തങ്ങൾ സൂചന നൽകിയ സാഹചര്യത്തിൽ, അദ്ദേഹം മനസ്സ് തുറക്കുന്നതിലൂടെ മാത്രമേ സസ്പെൻസിന് അവസാനമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.