കേന്ദ്രത്തി​േൻറത്​ മുസ്​ലിം വേട്ട; യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാർഥികൾക്ക്​ ലീഗ്​​ നിയമ സഹായം നൽകും

മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്​റ്റുകൾക്ക് നിയമ പോരാട്ടത്തിൽ പിന്തുണ നൽകാൻ മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യു.എ.പി.എ, എൻ.എസ്.എ തുടങ്ങിയ കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സർവ്വകലാശാല വിദ്യാർഥി നേതാക്കളായ സഫൂറ സർഗർ,  മീരാൻ ഹൈദർ, പൂർവ്വ വിദ്യാർത്ഥി നേതാവ് ഷിഫാഉർറഹ്മാ, സീലംപൂരിൽ ഷഹീൻ ബാഗ് മോഡൽ സമരത്തിന്​ നേതൃത്വം കൊടുത്ത ഗുൽശിഫ  എന്നിവരെ അറസ്​റ്റ്​ ചെയ്യുകയും ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്​ലാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്​റ്റഡിയിലെടുക്കാൻ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുസ്​ലിം ലീഗ് ദേശീയ കമ്മിറ്റി അറസ്​റ്റ്​ ചെയ്യപ്പെട്ട വിദ്യാർഥി നേതാക്കൾക്ക് നിയമസഹായം നൽകാൻ തീരുമാനിച്ചത്. 

അന്യായ തടങ്കലിൽ കഴിയുന്നവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ മുസ്​ലിം ലീഗ് കൂടെ നിൽക്കുമെന്ന് നേതാക്കൾ പറഞ്ഞു. സാമ്പത്തികമായും രാഷ്ട്രീയമായും അവരെ പാർട്ടി പിന്തുണക്കും. തിഹാർ ജയിലിൽ കഴിയുന്ന സഫൂറ സർഗർ മൂന്ന് മാസം ഗർഭിണിയാണ്. പൗരത്വ നിയമത്തിനെതിരായി നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയവരാണ് മീരാൻ ഹൈദറും ഷിഫാ ഉർ റഹ്മാനും. 

സീലംപൂരിൽ നടന്ന ഷഹീൻ ബാഗ് മോഡൽ സമരത്തിൻെറ മുൻ നിരയിൽ നിന്ന ഗുൽശിഫയെ യു.എ.പി.എ ചുമത്തി തീഹാർ ജയിലിൽ അയച്ചു. ഒരു ഭരണഘടന ചുമതലയുള്ള സ്ഥാപനത്തിൻെറ മേധാവി എന്ന പരിഗണന പോലുമില്ലാതെയാണ് ഡോ. സഫറുൽ ഇസ്​ലാമിനെ വേട്ടയാടുന്നത്. 

നേരത്തെ തന്നെ ജയിലിൽ കഴിയുന്ന ഡോ. ഖഫീൽ ഖാന് കോടതി ജാമ്യം നൽകിയിട്ടും ദേശസുരക്ഷാ നിയമം ചുമത്തി വിട്ടയക്കുന്നത് തടസ്സപ്പെടുത്തുകയാണ്. കൃത്യമായും ഒരു പ്രത്യേക സമുദായത്തെ ഉന്നം വെക്കുകയാണ്. പൗരത്വ സമര കാലത്തും ഡൽഹി വംശഹത്യയുടെ നാളുകളിലും കേന്ദ്ര സർക്കാറിന് അപ്രിയകരമായ സത്യങ്ങൾ വിളിച്ചുപറഞ്ഞു എന്നത് മാത്രമാണ് ഇവർ ചെയ്​ത തെറ്റ്. 

കലാപത്തിൻെറ ഗൂഢാലോചന കുറ്റം ഇരകൾക്കുവേണ്ടി ശബ്​ദിച്ചവരുടെ തലയിൽ കെട്ടിവക്കുന്നത് കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ്. ദേശ് കി ഗദ്ദാരോം കോ ഗോലിമാരോ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) എന്ന് രാജ്യദ്രോഹമുദ്ര ചാർത്തി കൊല്ലാൻ ആഹ്വാനം ചെയ്​തവർ സ്വതന്ത്രരായി വിഹരിക്കുകയാണ്. 

വംശഹത്യയുടെ  നാളുകളിൽ പൊലീസ് തയാറാക്കിയ എഫ്.ഐ.ആറുകളിൽ പോലും ഈ വിദ്യാർത്ഥികളുടെ പേരില്ല. എന്നിട്ടും പിന്നീട് നിയമവിരുദ്ധമായി ആൾക്കൂട്ടം സൃഷ്​ടിക്കുക, സായുധമായി സംഘടിക്കൽ, കലാപത്തിന് ഗൂഡാലോചന നടത്തുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് യു.എ.പി.എ ചുമത്തുന്നത് പ്രതികാര നടപടിയാണ്. ഭാവിയിലും ബി.ജെ.പി സർക്കാറിൻെറ വർഗീയ അജണ്ടകൾക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്​ദമാക്കാനുള്ള ശ്രമമാണിത്. ഇത് വിലപ്പോവില്ല. 

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നിഷ്​പക്ഷതയിൽ വിശ്വാസമുണ്ട്. പൗരാവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്​റ്റുകൾ. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല. കടുത്ത അധിക്ഷേപവും മാനസിക സംഘർഷവുമാണ് ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന്  അവരെ തനിച്ചാക്കാനാവില്ല.

നേരത്തെ ഈ വിഷയം പാർലമ​െൻറിൽ മുസ്​ലിം ലീഗ്  ഉന്നയിച്ചിരുന്നു. വിദ്യാർഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി എം.പിമാർ  കത്തുകളയച്ചു, പാർട്ടിയുടെ ശക്തമായ പ്രതിഷേധം  പ്രധാനമന്ത്രിയെ അറിയിച്ചു.

ലോക് ഡൗൺ കാലയളവിൽ പരസ്യ പ്രതിഷേധത്തിൻെറ പരിമിതികൾ ഉണ്ടായിരുന്നിട്ടും മെയ് 6ന് യൂത്ത് ലീഗ് ദേശവ്യാപകമായി ദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആയിരക്കണക്കിന് ഇ-മെയിൽ പരാതികൾ അയച്ചു.

കേന്ദ്ര സർക്കാർ ഓഫിസുകൾക്ക്​ മുന്നിൽ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തകർ സ്വന്തം വീടുകളിൽ പ്ലക്കാർഡുയർത്തി ഹോം പ്രൊട്ടസ്​റ്റ്​ സംഘടിപ്പിച്ചു. എം.എസ്.എഫ് ദേശീയ കമ്മിറ്റി നവ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയിൽ സാധ്യമായ പ്രതിഷേധങ്ങളൊക്കെ പാർട്ടിയും യുവജന വിദ്യാർത്ഥി ഘടകങ്ങളും തുടരുക തന്നെ ചെയ്യും. അതിന് പുറമെയാണ് ഈ വിദ്യാർഥി വേട്ടയുടെ ഇരകൾക്ക്  നിയമസഹായം നൽകുക.

അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കണം. ഇതിനാവശ്യമായ  സാമ്പത്തിക സഹായം ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം പാർട്ടി നിലയുറപ്പിക്കുമെന്നും വാർത്തകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - muslim league will give law help for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.