കോഴിക്കോട്: പാലാ ബിഷപ്പിനെ അനുകൂലിച്ച മന്ത്രി വി.എൻ. വാസവനെ രൂക്ഷമായി വിമർശിച്ച് സമസ്ത യുവജന സംഘടനയായ എസ്.വൈ.എസ്. പാലായിലെ വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്തഫ മുണ്ടുപാറ കുറ്റപ്പെടുത്തി. ഇത് പിണറായി സര്‍ക്കാറിന്‍റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും 'വേട്ടക്കാരന് ഹലേലുയ്യ പാടുന്നവർ' എന്ന തലക്കെട്ടിൽ സുപ്രഭാതം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സമസ്ത യുവജന സംഘടനയായ എസ്.വൈ.എസ് സെക്രട്ടറിയാണ് മുസ്തഫ മുണ്ടുപാറ.
കത്തോലിക്കക്കാരൊഴികെയുള്ള ക്രൈസ്തവ പുരോഹിതന്‍മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും പാലാ പിതാവിന്‍റെയും താമരശ്ശേരി രൂപതയുടെയും നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെന്നത് മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്ന കേരള സമൂഹത്തിന് ആശാവഹമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തുന്ന തീവ്ര ക്രൈസ്തവ തീവ്രവാദികള്‍ക്ക് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തണലൊരുക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്‌ലിംകളെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.
ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചു പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാരുള്‍പ്പെടെയുള്ളവര്‍ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക. ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുക. ഇതില്‍പരം നാണക്കേടെന്തുണ്ട്.
കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സമുദായങ്ങളെ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് അക്രമികള്‍ക്കെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന അധികാരികള്‍ ചെയ്യുന്നത്. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കാണിക്കുന്ന പൊട്ടന്‍ കളിയും മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതി ചെയ്തവരെ സുഖിപ്പിക്കുന്നതുമെല്ലാം മതേതര വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടെന്നത് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നന്നായിരിക്കുമെന്നും ലേഖനത്തിൽ മുസ്തഫ മുണ്ടുപാറ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.