തൃശൂർ: സഹപ്രവർത്തകന്റെ വിയോഗത്തിന്റെ വേദന കടിച്ചമർത്തി ബാൻഡ് സംഘം തീർത്തത് മേളപ്രപഞ്ചം. തെക്കുമുറിദേശം കുമ്മാട്ടി സംഘത്തിനായി എത്തിയ മൂവാറ്റുപുഴ സി.ആർ.പി ബാൻഡ് ഗ്രൂപ്പിലെ കലാകാരനായ മൂവാറ്റുപുഴ ആരക്കുഴ കാഞ്ഞിരംകുന്നേൽ കെ.എസ്. ഷിജുവാണ് (47) തൃശൂരിലേക്ക് പോരുംവഴി കുഴഞ്ഞുവീണ് മരിച്ചത്. അങ്കമാലി സുരഭി മാർബ്ൾസിന് സമീപം രാവിലെ 10ഓടെ ചായകുടിച്ച് മടങ്ങവേ വാഹനത്തിൽ കയറുന്നതിനിടെയാണ് ഷിജു കുഴഞ്ഞുവീണത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇക്കാര്യം തെക്കുമുറിദേശം ഭാരവാഹികളെ അറിയിച്ചപ്പോൾ കുറച്ചുപേരെങ്കിലും എത്തി കളിക്കാനാകുമോ എന്ന് ചോദിച്ചതോടെ വരാമെന്ന് ഏറ്റു. 26 പേരിൽ ഏഴുപേരെ ആശുപത്രിയിൽ നിർത്തിയ ശേഷം ബാക്കി 19 പേർ തൃശൂരിലേക്ക് പുറപ്പെട്ടു. ഒന്നര മണിക്കൂർ വൈകി എത്തിയ അവർ ഹൃദയം പൊടിയുന്ന വേദനയോടെ ബാൻഡ് വാദ്യത്തിനിറങ്ങി. നാലര മണിക്കൂർ നിറഞ്ഞ കണ്ണുകളോടെയാണ് അവർ കൊട്ടിത്തീർത്തത്.
മൂന്നുപേരുടെ കുറവ് ബാൻഡ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സെന്റ് ജോസഫ്സ് കോട്ടപ്പടി ബാൻഡ് സെറ്റ് ഉടമയുമായ ഷാജി പാപ്പന്റെ സംഘത്തിൽനിന്നെത്തി പരിഹരിച്ചു. ബാൻഡിൽ യൂഫോണിയം വാദകനായിരുന്ന ഷിജു സീസണല്ലാത്തപ്പോൾ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ഷിജുവിന്റെ ഭാര്യ: ബിന്ദു. മക്കൾ: സാന്ദ്ര, സിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.