പത്തനംതിട്ട: കോടികളുടെ ക്രമക്കേട് നടത്തിയതിന് ഇ.ഡി അന്വേഷണം നേരിടുന്ന മൈലപ്ര സര്‍വിസ് സഹകരണ ബാങ്കില്‍, മുന്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ പണാപഹരണത്തിന് സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ പൊലീസില്‍ പരാതി നല്കി. സി.പി.എം നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പരാതി. ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ മൈലപ്ര ബാങ്കിന്റെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പല തവണയായി പിന്‍വലിച്ചെന്നും ഈ ഇടപാട് സംബന്ധിച്ച രേഖകള്‍ ബാങ്കിന്റെ രജിസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിക്കാതെ പണാപഹരണം നടത്തിയെന്നുമാണ് പരാതി.
ബാങ്കിലെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സെക്രട്ടറിയായിരുന്ന ഷാജി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പിതാവും മൈലപ്രയിലെ വ്യാപാരിയുമായിരുന്ന ജോര്‍ജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഷാജി ജോര്‍ജിന് ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അവധി അനുവദിച്ചിരുന്നു. ഇതിന്റെ മറവില്‍ ഷാജി യു.കെയിലേക്ക് കടന്നു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെയോ സഹകരണ വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഷാജി ജോര്‍ജ് വിദേശത്തേക്ക് പോയത്.
നൂറുകോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ നാലുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്സ് ഒഫന്‍സ് വിങ്ങ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.