വടകര: ദേശീയപാത വികസനത്തിനായി ചോമ്പാല കുഞ്ഞിപ്പള്ളിയുടെ ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കലക്ടറുടെ ചേംബറിൽ ചർച്ച. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകാൻ മഹല്ല് കമ്മിറ്റിക്കും ഖബർസ്ഥാൻ സംരക്ഷണ സമിതിക്കും നോട്ടീസ് നൽകി.
രാവിലെ 11 മണിക്കാണ് യോഗം. ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ടി.ജി. നാസർ, ഖബർസ്ഥാൻ സംരക്ഷണ സമിതി ചെയർമാനും അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെംബറുമായ സാലിം പുനത്തിൽ, കുഞ്ഞിപ്പള്ളി മുതവല്ലിയായി വഖഫ് ബോർഡിലും എൻ.എച്ച് അതോറിറ്റിയിലും കക്ഷി ചേർന്ന ഉമർ ഏറാമല എന്നിവരെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്.
2013ലെ നോട്ടിഫിക്കേഷനിൽ അഴിയൂർ വില്ലേജ് റീസർവേ 10/11ൽപെട്ട ഖബർസ്ഥാൻ ഭൂമി അക്വിസിഷനിൽ ഉൾപ്പെട്ടിരുന്നില്ല. 2022ലാണ് ആദ്യമായി ഖബർസ്ഥാൻ ഭൂമി നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടത്. ഭൂമി അക്വയർ ചെയ്ത് നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്.
കുഞ്ഞിപ്പള്ളിയിലെയും ഒഞ്ചിയം, മുക്കാളി, വടക്കെ ചോമ്പാൽ, മാളിയേക്കൽ, അഞ്ചാംപീടിക തുടങ്ങി ഏഴു മഹല്ലിലെയും ആയിരക്കണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ നിലവിൽ തന്നെ ഖബറുകൾ നിറഞ്ഞ നിലയിലാണ്. കിഴക്കുഭാഗത്ത് സ്വകാര്യ ഭൂമി നിലനിൽക്കെ പടിഞ്ഞാറ് ഭാഗത്തെ വഖഫ് ഭൂമി അക്വിസിഷനിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു.
1956ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ എതിർഭാഗത്ത് സ്വകാര്യഭൂമി ഇല്ലെങ്കിൽ മാത്രമേ റോഡ് വികസനത്തിനായാലും വഖഫ് ഭൂമി ഏറ്റെടുക്കാൻ പാടുള്ളൂ എന്ന് പ്രതിപാദിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഖബർസ്ഥാൻ സംരക്ഷണ സമിതി നൽകിയിരുന്നു.
വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്ന വിവരം ദേശീയപാത വിഭാഗം നിയമപരമായി കൃത്യസമയത്ത് ബോർഡിൽ അറിയിച്ചില്ലെന്ന പരാതിയും നിലവിലുണ്ട്. 2022ൽ ഖബർസ്ഥാൻ സംരക്ഷണ സമിതിയുടെ ഇടപെടലിലൂടെ ബോർഡ് ലീഗൽ പ്രതിനിധി വടകര എൽ.എൻ.എച്ച് ഓഫിസിൽ ഹാജരായി ഇതുസംബന്ധിച്ച സ്റ്റേറ്റ്മെൻറ് കൊടുത്തിരുന്നു. നിലവിലെ സ്കെച്ചിൽ കുഞ്ഞിപ്പള്ളി ഖബർസ്ഥാന്റെ സമീപത്തുനിന്ന് ദേശീയപാത പടിഞ്ഞാറു ഭാഗത്തേക്ക് വളയുന്നതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.