തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് നവകേരള സദസ്സ് ബസ് യാത്രക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വിമർശനങ്ങളും വിവാദങ്ങളും ഏറെ ഉയർന്നെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ഒരു ബസിലേറി സംസ്ഥാനത്തെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലുമെത്തിയ ജനസമ്പർക്ക പരിപാടി രാജ്യത്തുതന്നെ ആദ്യം. നവംബർ 18ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിൽനിന്നായിരുന്നു യാത്രയുടെ തുടക്കം.
36 ദിവസം നീണ്ട ബസ് യാത്രയുടെ സമാപനം ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പോളിടെക്നിക് ഗ്രൗണ്ടിലാണ്. എന്നാൽ, യാത്ര പൂർത്തിയായിട്ടില്ല. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കാനുണ്ട്. ഡിസംബർ ഒമ്പതിന് നടക്കേണ്ടിയിരുന്ന പരിപാടി സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. തൃപ്പൂണിത്തുറ, കുന്നത്തുകാവ്, തൃക്കാക്കര, പിറവം മണ്ഡലങ്ങളിലെ സദസ്സ് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും.
ദിവസം നാല് മണ്ഡലങ്ങൾ എന്ന നിലയിലായിരുന്നു യാത്രയുടെ ക്രമീകരണം. മേഖലയിലെ പൗരപ്രമുഖരുമായി രാവിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൂടിക്കാഴ്ച, ശേഷം ഓരോ മണ്ഡലത്തിലെയും ഒരു കേന്ദ്രത്തിൽ മന്ത്രിസംഘത്തിന് പൊതുസ്വീകരണം എന്നിങ്ങനെയായിരുന്നു പരിപാടി. മുഖ്യമന്ത്രിക്കുപുറമെ, ഓരോ ഇടങ്ങളിലും ഊഴമിട്ട് മൂന്നുവീതം മന്ത്രിമാരുടെ പ്രസംഗം. സ്വീകരണ കേന്ദ്രങ്ങളിൽ പൊതുജനത്തിന് ഉദ്യോഗസ്ഥർക്ക് മുമ്പാകെ പരാതി സമർപ്പിക്കാൻ പ്രത്യേക കൗണ്ടറുകളുമൊരുക്കി. യാത്രക്കിടെ, അഞ്ച് മന്ത്രിസഭ യോഗങ്ങൾ നടന്നു. തലശ്ശേരിയിലെ സ്വകാര്യ ഹോട്ടൽ, തിരൂരിൽ മന്ത്രി അബ്ദുറഹിമാന്റെ വീട്, തൃശൂർ രാമനിലയം, തേക്കടി കെ.ടി.ഡി.സി ഹോട്ടൽ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു മന്ത്രിസഭ ചേർന്നത്. തലസ്ഥാനത്തിനു പുറത്ത് ഇത്തരത്തിൽ തുടർച്ചയായി പൂർണ മന്ത്രിസഭ യോഗം ചേർന്നത് ഇതാദ്യമെന്നതും നവകേരള സദസ്സിന്റെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.