പാലക്കാട് കലക്ടർ മറച്ചുവെക്കുന്നത് നെല്ലിയാമ്പതി1947ന് മുമ്പ് ബ്രിട്ടീഷ് തോട്ടങ്ങളായിരുന്നുവെന്ന നിയമസഭ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: പാലക്കാട് കലക്ടർ മറച്ചുവെക്കുന്നത് നെല്ലിയാമ്പതി 1947ന് മുമ്പ് ബ്രിട്ടീഷ് തോട്ടങ്ങളായിരുന്നുവെന്ന നിയമസഭ സമിതി റിപ്പോർട്ട്. 1997 ജൂലൈ 29ന് പ്രഫ. എം.വി.താമരാക്ഷൻ ചെയർമാനായ പരിസ്ഥിതി സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കൊല്ലംകോട് രാജവംശത്തിന്റെ അധീനതയിലുള്ള ഭൂമിയാണ് 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്ക് പാട്ടത്തിന് നൽകിയത്.

ബ്രിട്ടീഷ് കമ്പനികളോ പൗരന്മാരോ 1947ന് മുമ്പ് കൈവശം വെച്ചിരുന്ന തോട്ടങ്ങളുടെമേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപക്കണമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് നെല്ലിയാമ്പതിയെ തോട്ടങ്ങൾക്കും ബാധകമാണ്. എന്നാൽ, പലക്കാട് കലക്ടർ ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന തോട്ടങ്ങളുടെ ലിസ്റ്റ് റവന്യൂ വകുപ്പിന് നൽകിയിട്ടില്ല.

പാട്ടം ഉടമകളുടെ അറ്റാദായത്തിന്റെ 76 ശതമാനം സർക്കാരിലേക്ക് നൽകണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത നടപടി റദ്ദു ചെയ്യുകയും ഇതിന് ഇടയായ സാഹചര്യം സംബന്ധിച്ചും വനം വകുപ്പ് സെക്രട്ടറി എല്ലാ അനധികൃത വനം കൈമാറ്റങ്ങൾക്കും നിയമസാധ്യത നൽകി 1995ൽ ഉത്തരവ് ഇറക്കിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. 1980ലെ ഗ്രാന്റുകളും പാട്ടങ്ങളും (അവകാശ പരിഷ്കരണം) നിയമം അട്ടിമറിക്കാനാണ് വനം സെക്രട്ടറി ഉത്തരവിറക്കിയത്. നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥയാണ് ഉത്തരവിലൂടെ റദ്ദാക്കിയത്.

പാട്ട കാലാവധി കഴിഞ്ഞ വനഭൂമി സർക്കാർ ഏറ്റെടുക്കുന്നതിൽ നടപടികൾ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ കർശന ശിക്ഷ സ്വീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ എസ്റേറററുകൾ പാട്ടം ഉടമകളിൽ ഏറെറടുക്കണമെന്ന ശിപാർശ നടപ്പായില്ല.

ഗവ. വക്കീലൻമാരുടെ നിരുത്തരവാദിത്വം മൂലം കേരള ഹൈകോടതിയിലെ ഏകാംഗ ജഡ്ജ്മെൻറ് മുഖേന സ്വകാര്യവ്യക്തികൾക്ക വിട്ടുകൊടുക്കേണ്ടി വന്ന വനഭൂമി തിരികെ പിടിക്കുന്നതിന് ഹൈകോടതിയുടെ ഡിവിഷൻ ബഞ്ചിലും ഫുൾ ബഞ്ചിലും വേണ്ടി വന്നാൽ സുപ്രീം കോടതിയിലും അപ്പീൽ കൊടുക്കുന്നതിന് ആവശ്യമായ നടപടി സത്വരമായി സ്വീകരികണമെന്ന് സമിതി ശിപാർശ ചെയ്തിരുന്നു.

വനം സംബന്ധമായി ഹൈകോടതിയിലും മറ്റ് ഉപരികോടതിയിലും ഉണ്ടായിട്ടുള്ള കേസുകളിൽ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിൽ ഗവൺമെൻറ് വക്കീലൻമാർ പരാജയപ്പെട്ടതായി സമിതിക്കു ബോധ്യമായി. കേസുകളിൽ സംസ്ഥാനത്തിന്റെ താൽപര്യം പൂർണമായി സംരക്ഷിക്കുന്നതിന്, ഈ കേസുകളുടെ നടത്തിപ്പ് കാര്യശേഷിയുള്ള ചുമതലപ്പെടുത്തേണ്ടതും അവരുടെ ഗവ. വക്കീലൻമാരെ പ്രവർത്തനം കാലാകാലങ്ങളിൽ അഡ്വക്കേറ്റ് ജനറൽ വിലയിരുത്തേണ്ടതും അതിൽ വീഴ്ച വരുത്തുന്ന വക്കീലന്മാരെ ഉത്തരവാദിത്വത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനും സർക്കാരിനെ ഉപദേശിക്കേണ്ടതാണെന്നും സമിതി ശിപാർശ ചെയ്തിരുന്നു.

1996 നവംബറിൽ കേരള നിയമസഭയുടെ അഷ്വറൻസ് കമ്മിററി സമർപ്പിച്ച റിപ്പോർട്ടിൽ തുച്ഛമായ പാട്ടനിരക്കു മൂലം പ്രതിവർഷം 500 കോടിരൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് പാലക്കാട് കലക്ടർ നെല്ലിയാമ്പതിയിൽ കരുണ എസ്റ്റേറ്റ് മാത്രമാണ് 1947ന് മുമ്പുള്ള ബ്രിട്ടീഷ് തോട്ടമെന്ന് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകിയത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 1947ന് മുമ്പുള്ള ബ്രിട്ടീഷ് തോട്ടങ്ങളുടെ മേൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകണമെന്ന ഉത്തരവും പാലക്കാട് കലക്ടർ നടപ്പാക്കിയിട്ടില്ല. 

Tags:    
News Summary - Nelliampathi: Legislative committee report on British plantations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.