കോഴിക്കോട്: ബ്രസീൽ ഫുട്ബാൾ താരം നെയ്മറിന്‍റെ കീറിയ നിക്കറും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ കീറിയ ഷർട്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. പരോക്ഷമായി ബന്ധമുണ്ടെന്ന് സമമതിച്ചേ തീരൂ. സംശയമുണ്ടെങ്കിൽ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഫേസ്ബുക് പോസ്റ്റുകൾ നോക്കിയാൽ മതി.
കോപ്പ അമേരിക്കയിലെ ബ്രസീലിന്‍റെ തോൽവിയും നെയ്മറിന്‍റെ ട്രൗസർ കീറിയതും വിഷയമാക്കി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരോക്ഷമായി ട്രോളുകയായിരുന്നു ബി.ജെ.പി നേതാക്കൾ. സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതിയും സംസ്ഥാന വക്താവ് പി ആർ ശിവശങ്കറുമാണ് ട്രോളിയത്.
''കപ്പടിച്ചെങ്കിലും പയ്യന്‍റെ നിക്കർ കീറിയ അർജന്‍റീനാ നിലപാട് അംഗീകരിക്കാനാവില്ല. #നെയ്മറിന്‍റെനിക്കറിനൊപ്പം'' എന്നായിരുന്നു സന്ദീപ് വചസ്പതിയുടെ പോസ്റ്റ്. കോപ്പ അമേരിക്ക ഫൈനലിനിടെയാണ് നെയ്മറിന്‍റെ ട്രൗസർ കീറിയത്. മത്സരത്തിൽ ബ്രസീൽ പരാജയപ്പെടുകയും ചെയ്തിരുന്നു. നിമിഷങ്ങൾക്കകം കമന്‍റ് ബോക്സിൽ ശബരിമല സമരകാലത്ത് കീറിയ ഷർട്ടുമായി നിൽക്കുന്ന കെ. സുരേന്ദ്രന്‍റെ ഫോട്ടോകൾ നിറഞ്ഞു.
തൊട്ടുപിന്നാലെ സന്ദീപിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ശിവശങ്കറിന്‍റെ പോസ്റ്റ് വന്നു. ഇതിൽ, സരേന്ദ്രനെ ലക്ഷ്യമിടുന്ന ട്രോൾ കുറിക്കുകൊള്ളുന്ന വാക്കുകളിൽ ഒളിപ്പിച്ചിരുന്നു. ''അയ്യോ സന്ദീപേ ... നിങ്ങൾ നിക്കർ "കീറിപ്പോയ"വരുടെ ഒപ്പമാന്നോ? ഞങ്ങൾ കീറുന്നവരുടെ കൂടെയാണ്... അറിഞ്ഞില്ലേ... "അഭിനയചക്രവർത്തിമാ"രുടെ "കളസം" കീറുന്നകാലമാണുണ്ണി വരുന്നത്.. കുറച്ചുനാളായില്ലേ "തറ" അഭിനയം കാട്ടി, നിലത്തുവീണ് ഉരുണ്ട്, ട്രൗസർ കീറി, ഷർട്ട് കീറി നാട്ടുകാരെ പറ്റിക്കുന്നു, പറഞ്ഞു വിടുംമുന്പ് , പണിനിർത്തിപോകുന്നതല്ലേ നല്ലത്? #അർജന്‍റീനയോടൊപ്പം #മോദിക്കൊപ്പം'' എന്നായിരുന്നു ശിവശങ്കർ കുറിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയും കള്ളപ്പണക്കേസും മൂലം പരിഹാസ്യനായ കെ. സുരേന്ദ്രനെ ഉന്നമിടുന്നതാണ് പോസ്റ്റെന്ന് കമന്‍റുകളിൽ ചർച്ചയായി. ട്രോൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് രണ്ടും എതിർ ഗ്രൂപ്പുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.