കൊച്ചി: യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈകോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് എൻ.ഐ.എ. ഗുജറാത്തിലെ ജാംനഗറിൽ താമസിക്കുന്ന റാന്നി സ്വദേശിനി അക്ഷരബോസ് ഭർത്താവ് ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരെ നൽകിയ ഹരജിയിലാണ് ഹൈകോടതിയെ നിലപാട് അറിയിച്ചത്. അതേസമയം, നിർബന്ധിത മതംമാറ്റം സംബന്ധിച്ച് അക്ഷര പരാതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും വ്യക്തമാക്കി പൊലീസും വിശദീകരണ പത്രിക നൽകി.
ബംഗളൂരുവിൽ അനിമേഷൻ കോഴ്സ് പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട മുഹമ്മദ് റിയാസുമായി പിന്നീട് പ്രണയത്തിലായെന്ന് അക്ഷര പറയുന്നു. 2015 നവംബറിൽ റിയാസ് ശാരീരികബന്ധം പുലർത്തുകയും അത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിക്കുകയുമായിരുന്നു. അയിഷ എന്ന പേരിൽ വ്യാജരേഖ ചമച്ച് ആധാർ കാർഡുണ്ടാക്കി 2016 മേയ് 21ന് വിവാഹം രജിസ്റ്റർ ചെയ്തു. റിയാസിനെ ഭയന്ന് 2016 ഒക്ടോബർ 15ന് ബംഗളൂരുവിൽനിന്ന് അഹ്മദാബാദിലേക്ക് പോയി. എന്നാൽ, പിതാവ്
തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നൽകിയ ഹരജിയിൽ അക്ഷരയുടെ താൽപര്യപ്രകാരം കോടതി അയാൾക്കൊപ്പം വിട്ടയച്ചു. ഇതിനുശേഷം താൻ അയാളുടെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും തെൻറ മാതാപിതാക്കളെ ഫോൺ ചെയ്യാൻപോലും അനുവദിച്ചില്ലെന്നും അക്ഷര ആരോപിക്കുന്നു. തന്നെ ഇവർ ജിദ്ദയിൽ കൊണ്ടുപോയി ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താൻ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഇൗ വർഷം ഒക്ടോബർ അഞ്ചിന് അഹ്മദാബാദിലെത്തിയെന്നും തന്നെ കുടുക്കിയ സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് നിർദേശിച്ച കേസുകൾ, കേന്ദ്ര സർക്കാർ സ്വമേധയാ നിർദേശിച്ച സംഭവങ്ങൾ, കോടതി ഉത്തരവുകളുള്ള കേസുകൾ എന്നിവയാണ് തങ്ങൾ അന്വേഷിക്കാറുള്ളതെന്ന് എൻ.െഎ.എ അറിയിച്ചു. ഹാദിയ കേസ് നിലവിൽ അന്വേഷിക്കുന്നുണ്ട്. ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനുശേഷം ഹരജി പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജനുവരി ഒമ്പതിന് ഇത് മാറ്റി.
അതേസമയം, അക്ഷര ഗുജറാത്തിലെ സ്ഥിരം താമസക്കാരിയാണെന്ന് ഹെഡ് ക്വാർട്ടേഴ്സ് എ.ഐ.ജി ജി. ശ്രീധരൻ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. സംഭവങ്ങൾ നടന്നത് കേരളത്തിന് പുറത്തായതിനാൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും കണ്ണൂർ, പത്തനംതിട്ട, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവികളോട് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. പെരിങ്ങണ്ടിയിലെ വിലാസത്തിൽ റിയാസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 10 വർഷമായി ഇയാൾ ബംഗളൂരുവിലും എറണാകുളത്തുമായാണ് താമസമെന്നും മറ്റ് കുടുംബാംഗങ്ങൾ എറണാകുളത്തെവിടെയോ ഉണ്ടെന്നും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. അക്ഷരയും റിയാസും കുറച്ചുകാലം പറവൂർ മന്നത്ത് താമസിച്ചതായും എ.െഎ.ജിയുടെ വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.