കോഴിക്കോട് നിപ സംശയം: പനി ബാധിച്ച് രണ്ടുപേർ മരിച്ചു, സാംപിൾ പരിശോധനക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചു. നിപ ബാധ സംശയിക്കുന്നതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. മരണത്തിൽ ആശുപത്രി അധികൃതർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. 

മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാംപിൾ പരിശോധനയുടെ ഫലം കിട്ടിയാലേ നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരിച്ച വ്യക്തികളുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. രോഗികളുമായി ഇടപഴകിയ ആരോഗ്യപ്രവർത്തകരും ബന്ധുക്കളും നിരീക്ഷണത്തിലാണ്. 

മരിച്ച ആദ്യത്തെയാളുടെ 9 വയസുകാരനായ മകൻ ഉൾപ്പെടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനുമാണ് സമാനമായ രോഗലക്ഷണങ്ങളുള്ളത്. 9 വയസുകാരന്റെ സാമ്പിൾ ഇന്ന് പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ആദ്യ രോഗി ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയ ആളാണ് പിന്നീട് മരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല. ഈ കേസുകളിൽ നിപ സംശയിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പാണ് അറിയിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.