ഫയൽ ചിത്രം

നിപ: വ്യാപന ശേഷി കുറവ്​, മരണ നിരക്ക്​ കൂടുതൽ; വേണം അതീവ ജാഗ്രത

കോഴിക്കോട്​: മൂന്നുവർഷത്തിന്​ ശേഷം സംസ്​ഥാനത്ത്​ വീണ്ടും നിപ വൈറസ്​ ബാധിച്ച്​ മരണം സ്​ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോ​ട്ടെ 12 വയസ്സുകാരനാണ്​ ഇന്ന്​ പുലർച്ചെ മരിച്ചത്​. ഹെനിപാ വൈറസ് ജീനസിൽപെട്ടതാണ്​ നിപ വൈറസ്. വവ്വാലുകൾ ഉൾപ്പെടെയുള്ള പക്ഷി മൃഗാദികളില്‍ നിന്നുമാണ്​ മനുഷ്യരിലേക്ക്​ പകരുന്നത്. ഇവ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗബാധിതരുമായി അടുത്തിടപെടുന്നതിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്​.

1998 ൽ മലേഷ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് 2001 മുതൽ 2008 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിലും ഇന്ത്യയിൽ ബംഗാളിലും ഈ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം 2018ലാണ്​ കോഴിക്കോട്​ ഈ പനി വീണ്ടും സ്ഥിരീകരിക്കുന്നത്.

മനുഷ്യരിൽനിന്ന്​ മനുഷ്യരിലേക്ക്​?

രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് ബാധിക്കുന്നത്. വായുവിലൂടെ പകരില്ല. രോഗിയുടെ അടുത്ത് ഏറെ നേരം ചെലവഴിക്കുകയും ശരീര സ്രവങ്ങളുമായി സമ്പർക്കമുണ്ടാവുകയും ചെയ്യുമ്പോൾ മാത്രമേ രോഗം പകരുകയുള്ളു. രോഗിയെ പരിചരിക്കുന്ന ആളുകൾ മാസ്കും ഗ്ലൗസും പി.പി.ഇ കിറ്റ്​ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും.

ലക്ഷണം പനിയും തലവേദനയും

പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ്​ ലക്ഷണങ്ങൾ. വൈറസ്​ ശരീരത്തിലെത്തി അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. ഇതാണ്​ അപകട സാധ്യത വർധിപ്പിക്കുന്നത്​. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ്, ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങൾ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.

പനിക്കൊപ്പം പെരുമാറ്റ വ്യത്യാസം, സ്ഥല കാല ബോധമില്ലാത്ത അവസ്ഥ, ബോധക്ഷയം, അപസ്മാരം, എന്നിവ കാണുകയാണെങ്കിൽ

രോഗ ബാധയുള്ള വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയ ഒരാൾക്ക് പനി ബാധിച്ചാൽ (പ്രതേകിച്ചും ചുമ പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ) തൊട്ടടുത്തുള്ള ആശുപത്രിയിൽ സമീപിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടരുക. ഗുരുതരമല്ലാത്ത പനിയാണെങ്കിൽ യാത്രകൾ ഒഴിവാക്കി വീട്ടിൽ വിശ്രമിക്കുക. ചികിത്സാ പൂർത്തിയാക്കുക.

ലക്ഷണമുണ്ടായാൽ ചികിത്സ അനിവാര്യം

രോഗം നേരത്തെ കണ്ടെത്തി അത് ഗുരുതരമായി മാറാതെ നോക്കാനുള്ള സപ്പോർട്ടീവ് ചികിത്സകളാണ് വേണ്ടത്. പനി കുറക്കാനുള്ള മരുന്ന്, ശ്വാസതടസ്സം ഒഴിവാക്കാനുള്ള വെന്‍റിലേഷൻ പോലുള്ള സംവിധാനങ്ങൾ, എൻസഫലൈറ്റിസ് മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ മരുന്നുകൾ എന്നിങ്ങനെ രോഗത്തെ നേരിടാനുള്ള സംവിധാനങ്ങൾ സജ്ജമാണ്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയാണ്​ പരിശോധനക്ക്​ ഉപയോഗിക്കുന്നത്​. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

മുന്‍കരുതലുകള്‍ സ്വീകരിക്കുക

കോവിഡ്​ ​പൊലെ വ്യാപന ശേഷിയുള്ള രോഗമല്ല നിപ. എന്നാൽ, മരണനിരക്ക്​ വളരെ കൂടുതലാണ്​. രോഗം ബാധിച്ചവരിൽ അതിജീവന ശേഷി കുറവാണ്​. രോഗം പകരാതെ പ്രതിരോധിക്കലാണ്​ അഭികാമ്യം. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് രോഗബാധയ്ക്ക്​ സാധ്യതയുണ്ട്​. അതിനാൽ കടിച്ച പാടുകളുള്ള പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക.

  • കോവിഡ്​ പ്രതിരോധത്തിന്​ നമ്മൾ കൈക്കൊള്ളുന്ന മുൻകരുതൽ തന്നെയാണ്​ ഇതിലും സ്വീകരിക്കാനുള്ളത്​.
  • രോഗിയുമായി സമ്പര്‍ക്കം ഉള്ളവർ കൈയ്യുറ, മാസ്​ക്​, പി.പി.ഇ കിറ്റ്​ ധരിക്കുക. കൈകള്‍ സാനിറ്റൈസർ ഉപയോഗിച്ച്​ അണുവിമുക്​തമാക്കുക, സോപ്പ്​ ഉപയോഗിച്ച് കഴുകുക.
  • സാമൂഹിക അകലം പാലിക്കുക
  • രോഗി ഉപയോഗിക്കുന്ന സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
  • വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
  • രോഗ ലക്ഷണങ്ങളുള്ളവരെ ഐസലേഷന്‍ ചെയ്യുക. രോഗമുണ്ടെന്നു സംശയിക്കുന്നവർ അധികൃതരെ വിവരം അറിയിക്കുക.
  • രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
  • രോഗബാധിതർ മരിച്ചാൽ സംസ്​കാരവേളയിലും ജാഗ്രത പുലർത്തണം. 
Tags:    
News Summary - Nipah virus: high mortality in and low infection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.