കെ. സുധാകരൻ എം.പി

ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കർ ചിത്രം: സുരേഷിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെ. സുധാകരൻ

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെട്ട സംഭവത്തിൽ സസ്‌പെൻഷൻ നേരിടുന്ന നേതാവിന്റെ പേരിൽ നടപടിയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.

കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം സെക്രട്ടറി കെ. സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലുവ നെടുമ്പാശ്ശേരി എയർപോർട്ട് ജങ്ഷനു സമീപം കോട്ടായിയിൽ ദേശീയപാതയിൽ സ്ഥാപിച്ച ബാനറിലായിരുന്നു സവർക്കറുടെ ചിത്രം ഇടംപിടിച്ചത്. മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബുൽ കലാം ആസാദ്, ജി.ബി പന്ത് അടക്കം 20ഓളം സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രമാണ് ബാനറിലുണ്ടായിരുന്നത്.

ഇക്കൂട്ടത്തിലായിരുന്നു സവർക്കറുടെ ചിത്രവും. ബാനറിന്റെ വിഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഉടൻ തന്നെ ഗാന്ധിയുടെ ചിത്രം വെച്ച് മറക്കുകയായിരുന്നു. ബാനർ തയാറാക്കിയത് സുരേഷായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;

അറിയാതെ സംഭവിച്ചതാണെങ്കിലും, പറ്റിപ്പോയ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസ്‌ പാർട്ടിക്ക് കഴിയില്ല. സുരേഷിന്റെ അഭിമുഖം അല്പം വൈകിയാണ് ഞാൻ ചാനലിൽ കണ്ടത്.

പക്ഷെ മുൻപേ കണ്ട പല പ്രവർത്തകരും എന്നെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നു. സുരേഷുമായി യാതൊരു മുൻപരിചയം ഇല്ലാത്തവർ പോലും 'അയാൾക്കെതിരെ നടപടി എടുക്കരുതെന്ന' അപേക്ഷയുമായാണ് സമീപിച്ചത്. സത്യത്തിൽ എനിക്കേറെ സന്തോഷം തോന്നിപ്പോയി. ഈ വലിയ കോൺഗ്രസ്‌ കുടുംബത്തിലെ ഒരംഗത്തിന്റെ വിഷമം, സ്വന്തം പ്രശ്നമായി കണ്ട് ഇടപെടുന്നവർ ഈ പാർട്ടിയുടെ പുണ്യമാണ്.

പ്രവർത്തകരെ കേൾക്കാതിരിക്കാനും അവരുടെ വികാരം കണ്ടില്ലെന്ന് നടിക്കാനും പാർട്ടിക്കാകില്ല. സുരേഷിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് പാർട്ടി പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ ഉറപ്പ് തരുന്നു.

Full View


Tags:    
News Summary - no action will be taken against Suresh - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.