തിരുവനന്തപുരം: ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് അറിയിപ്പ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാറിന് കൈമാറി. നിലവിലെ സ്ഥിതി കണക്കിലെടുത്ത് 3500 മെട്രിക് ടൺ അരി കേന്ദ്രം നൽകും. എന്നാൽ, ഇത് കിലോക്ക് 22.54 രൂപ നിരക്കിൽ വേണം കേരളം കൈപ്പറ്റാനെന്നും ചൊവ്വാഴ്ച നൽകിയ അറിയിപ്പിൽ പറയുന്നു.
ദിവസങ്ങൾക്കുമുമ്പാണ് ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ടരലക്ഷം മത്സ്യത്തൊഴിലാളികൾക്കും ഒരുമാസത്തേക്ക് സൗജന്യ റേഷൻ നൽകുന്നതിന് അധിക ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ, മുൻഗണന വിഭാഗത്തിനല്ലാതെ മറ്റൊരാൾക്കും സൗജന്യ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്രനിലപാട്.
നിലവിൽ കേന്ദ്രത്തിൽനിന്ന് പ്രതിമാസം ലഭിച്ചുകൊണ്ടിരിക്കുന്ന 14.5 ലക്ഷം മെട്രിക് ടണ്ണിൽനിന്നാണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 15 കിലോ ഭക്ഷ്യധാന്യം ഒരുമാസത്തേക്ക് സൗജന്യമായി നൽകുന്നത്. കേന്ദ്രത്തിെൻറ അധികവിഹിതം ലഭിക്കുന്ന മുറക്ക് ഈ കുറവ് നികത്താമെന്നും ഭക്ഷ്യവകുപ്പ് പ്രതീക്ഷിച്ചു. ആ പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റത്. ഇളവ് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.