തിരുവനന്തപുരം: കേരളത്തിൽ മദ്യഷാപ്പുകൾ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കൺസ്യൂമർഫെഡിനും ബീവറേജ് കോർപറേഷനും കൂടി 301 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. മുഴുവൻ ഔട്ട്ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിൻെറ നടപടികളാണ് സർക്കാർ തീരുമാനിക്കുന്നത്.
ഇത്തരത്തിൽ തുറക്കുന്ന ഔട്ട്ലറ്റുകളിൽ തിരക്ക് കുറക്കാനായി മദ്യത്തിന് മുൻകൂറായി ഓൺലൈൻ ബുക്കിങ് സ്വീകരിക്കും. അതിൻെറ അടിസ്ഥാനത്തിൽ ഔട്ട്ലറ്റുകൾ വഴി പണം വാങ്ങി മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം കുറക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
കേരളത്തിൻെറ ഐ.ടി മിഷനും സ്റ്റാർട്ടപ് മിഷനും ചേർന്നാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. ബാർ ഹോട്ടലുകൾ ഇപ്പോൾ തുറക്കാൻ സാധിക്കില്ല. അവിടെ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ല. ബാർ ഹോട്ടലിൽ പ്രത്യേകം സജ്ജമാക്കുന്ന കൗണ്ടറുകൾ വഴി ബീവറേജ് കോർപറേഷൻെറ വിലയിൽ മദ്യം പാഴ്സൽ നൽകാൻ സാധിക്കും. അതിനുള്ള നിയമ ഭേദഗതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാറുകളിൽ നിന്ന് പാഴ്സൽ വിതരണം ചെയ്യുന്നതിനും ആപ് സംവിധാനമൊരുക്കും. ഇത് പ്രകാരം ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ വരെ മദ്യം വാങ്ങാം. ഒരിക്കൽ മദ്യം വാങ്ങിയാൽ അടുത്ത അവസരം അഞ്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ ലഭിക്കൂ. കൗണ്ടറുകളിൽ ഒരേ സമയം അഞ്ച് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
കേന്ദ്ര സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മദ്യഷാപ്പുകൾ അടച്ചിട്ടത്. പിന്നീട് കേന്ദ്ര സർക്കാർ ലോക്ഡൗണിൽ ഇളവു വരുത്തുകയുണ്ടായി. അതിൻെറ പശ്ചാത്തലത്തിൽ മദ്യ ഷാപ്പുകൾ തുറക്കാവുന്നതാണ്. അതിൻെറ ഭാഗമായാണ് കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിച്ചത്. ഇന്ത്യയിലുടനീളം മദ്യഷാപ്പുകൾ തുറന്നിട്ടുണ്ട്. ലൈസൻസ് നടപടികൾ പൂർത്തിയാവുന്നതോടെ മുമ്പ് പ്രവർത്തിച്ചിരുന്ന കള്ള്ഷാപ്പുകളെല്ലാം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.